സാംസ്കാരിക പൈതൃകത്തിന് നേരെ റഷ്യയുടെ ക്രൂരത; കീവിലെ പുരാതന കത്തീഡ്രൽ അഗ്നിക്കിരയായി

സാംസ്കാരിക പൈതൃകത്തിന് നേരെ റഷ്യയുടെ ക്രൂരത; കീവിലെ പുരാതന കത്തീഡ്രൽ അഗ്നിക്കിരയായി

കീവ്: ഉക്രെയ്നിലെ കീവിൽ സ്ഥിതി ചെയ്യുന്ന, ആയിരം വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കീവ് പെച്ചേഴ്‌സ് ലാവ്ര ആശ്രമ സമുച്ചയത്തിന് നേരെ റഷ്യൻ മിസൈൽ ആക്രമണം. ആശ്രമത്തിനുള്ളിലെ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച ഡോർമിഷൻ കത്തീഡ്രലിന്റെ മേൽക്കൂരയാണ് ആക്രമണത്തിൽ അഗ്നിക്കിരയായത്. ജൂൺ 15 പുലർച്ചെ റഷ്യ നടത്തിയ ശക്തമായ മിസൈൽ ഡ്രോൺ ആക്രമണത്തിലാണ് ഈ ദുരന്തം സംഭവിച്ചത്.

കിഴക്കൻ യൂറോപ്പിലെ ഏറ്റവും വിശുദ്ധമായ ക്രിസ്തീയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കീവ് പെച്ചേഴ്‌സ് ലാവ്ര. കത്തീഡ്രലിന്റെ താഴികക്കുടങ്ങൾക്ക് ചുറ്റും തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. റഷ്യൻ ആക്രമണത്തെ ഉക്രെയ്നിലെ ഓർത്തഡോക്സ് സഭയുടെ തലവൻ ആർച്ച് ബിഷപ്പ് എപ്പിഫാനിയസ് ശക്തമായി അപലപിച്ചു.

ചരിത്രപരമായ പൈതൃക കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിനെതിരെ ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ രൂക്ഷമായി പ്രതികരിച്ചു. "സാംസ്കാരിക പൈതൃകങ്ങളെ നശിപ്പിക്കുന്ന കാര്യത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനെപ്പോലും മറികടക്കുന്ന ക്രൂരതയാണ് റഷ്യ കാണിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരികളുടെ പട്ടികയിൽ പുടിൻ ഇതിലൂടെ തന്റെ പേര് ഉറപ്പിച്ചു കഴിഞ്ഞു," അദേഹം 'എക്സിൽ കുറിച്ചു.

ഉക്രെയ്നിലെ സാംസ്കാരിക കേന്ദ്രങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ പടിഞ്ഞാറൻ യുക്രെയ്നിലെ ലിവിവിലുള്ള ബെർണാർഡിൻ ആശ്രമ സമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നിരുന്നു. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവനും വിലപ്പെട്ട സാംസ്കാരിക പൈതൃകങ്ങളുമാണ് ഉക്രെയ്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.