ലാഹോർ: പാകിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന ക്രൂരമായ പീഡനങ്ങളുടെയും മതപരമായ അടിച്ചമർത്തലുകളുടെയും ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് 18 കാരിയായ നേഹ ഫക്കീർ. മാസങ്ങളായി മകളെ കാണാതെ വേദനിക്കുന്ന മാതാപിതാക്കൾക്ക് ലാഹോർ ഹൈക്കോടതിയിൽ നിന്ന് ലഭിച്ചത് നിരാശാജനകമായ വിധി.
ഇഷ്ടികച്ചൂള തൊഴിലാളികളായ ഫക്കീർ മസിയും റസൂല ബീബിയും തങ്ങളുടെ മകൾക്ക് സുരക്ഷിതമായ ഒരു ഭാവി സ്വപ്നം കണ്ടാണ് ഒരു തയ്യൽ കേന്ദ്രത്തിൽ പഠിക്കാൻ വിട്ടത്. എന്നാൽ മാർച്ച് 24 ന് വീട്ടിലെത്തേണ്ട മകൾക്ക് പകരം ലഭിച്ചത് അവളെ നഷ്ടപ്പെട്ടുവെന്ന വാർത്തയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഭീഷണികളും പൊലീസ് നിസംഗതയും കാരണം ഈ പാവപ്പെട്ട കുടുംബം അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ലാഹോറിലെ സർക്കാർ അഭയകേന്ദ്രത്തിൽ നേഹയെ കണ്ടെത്തിയെങ്കിലും കോടതിയിൽ വെച്ച് മകളെ കണ്ടപ്പോൾ മാതാപിതാക്കൾ തകർന്നുപോയി. തല മുതൽ പാദം വരെ ഇസ്ലാമിക വസ്ത്രം ധരിപ്പിക്കപ്പെട്ട നേഹയെ കാണാൻ പോലും അവർക്ക് സാധിച്ചില്ല. കോടതിയിൽ വെച്ച് മകളോട് സംസാരിക്കാൻ പിതാവിനും മാതാവിനും അനുവാദം നിഷേധിച്ച ജഡ്ജി ഒടുവിൽ അവരുടെ ഹർജി തള്ളുകയും ചെയ്തു.
ഈ കേസ് പാകിസ്ഥാനിലെ ക്രൈസ്തവ പെൺകുട്ടികൾ അനുഭവിച്ചു തീർക്കുന്ന നിർബന്ധിത മതപരിവർത്തനത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും ഒരു നേർചിത്രമാണ്. നിയമ പോരാട്ടം തുടരാൻ സാമ്പത്തികശേഷിയില്ലാത്ത ഈ കുടുംബത്തിന് സിഎസ്‌ഐ (ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ) പോലുള്ള സംഘടനകളുടെ സഹായം മാത്രമാണ് ഏക ആശ്രയം.
അധികാരവർഗങ്ങളുടെയും പ്രാദേശിക ശക്തികളുടെയും ഒത്താശയോടെ നടക്കുന്ന ഈ നീതിനിഷേധത്തിനെതിരെ ആഗോള ക്രൈസ്തവ സമൂഹം ശബ്ദമുയർത്തേണ്ടതുണ്ട്. തങ്ങളുടെ മകളെ തിരികെ ലഭിക്കാനും ഈ കുടുംബത്തിന് നീതി ലഭിക്കാനും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.