ദുബായ്: സ്വകാര്യ ആരോഗ്യ മേഖലയിലും സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യുഎഇ. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും തങ്ങളുടെ വാര്‍ഷിക എമിറേറ്റൈസേഷന്‍ ലക്ഷ്യത്തിന്റെ പകുതി തസ്തികകള്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സ്വദേശികള്‍ക്കായി നീക്കിവെക്കണമെന്ന് മാനവ വിഭവശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയം ഭേദഗതി ഇറക്കി.
പുതിയ നിബന്ധനയനുസരിച്ച് യുഎഇ പൗരന്മാര്‍ക്കായി മാറ്റിവെക്കുന്ന തസ്തികകള്‍ പ്രത്യേക ആരോഗ്യ സംരക്ഷണ ജോലികള്‍ക്കും, മറ്റ് വൈദഗ്ധ്യമുള്ള റോളുകള്‍ക്കുമായി തുല്യമായി വിഭജിക്കണം. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ തങ്ങളുടെ വൈദഗ്ധ്യമുള്ള തസ്തികകളില്‍ വര്‍ഷത്തില്‍ രണ്ട് ശതമാനം എമിറേറ്റൈസേഷന്‍ വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ഇതിന്റെ പകുതി (ഒരു ശതമാനം) വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിലും ബാക്കി പകുതി രണ്ടാം പകുതിയിലുമാണ് പൂര്‍ത്തിയാക്കേണ്ടത്.
ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് 2027 മുതല്‍ കനത്ത പിഴ ഈടാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ആരോഗ്യ സംരക്ഷണ രംഗത്ത് യുഎഇ പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും, ഈ രംഗത്ത് ദീര്‍ഘകാല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമാണിത്. യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി നഫീസ് പ്ലാറ്റ്‌ഫോം വഴി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2025 അവസാനത്തെ കണക്കുകള്‍ പ്രകാരം 8800 ല്‍ അധികം എമിറാത്തികളാണ് നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 82 ശതമാനവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. സ്വദേശികളെ തൊഴില്‍പരമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നഫീസ് പ്രോഗ്രാം 2040 വരെ നീട്ടിയതായും മന്ത്രാലയം വ്യക്തമാക്കി.