കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചു: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചു: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കൊച്ചി: കുടിയേറ്റം സീറോ മലബാർ സഭയുടെ ചരിത്രത്തെയും സാമൂഹിക-ആത്മീയ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മൗണ്ട് സെന്റ് തോമസിൽ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

"കുടിയേറ്റം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തിൽ രണ്ട് ദിവസങ്ങളിലായാണ് സെമിനാർ നടക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കുടിയേറ്റം വഴിയൊരുക്കുമ്പോൾ തന്നെ ഗൗരവമേറിയ സാംസ്കാരികവും കുടുംബപരവുമായ വെല്ലുവിളികളും ഇത് ഉയർത്തുന്നുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. അക്കാദമികവും ദൈവശാസ്ത്രപരവുമായ ഗൗരവമേറിയ ചർച്ചകൾക്ക് എൽആർസി നൽകുന്ന നേതൃത്വത്തെ അദേഹം അഭിനന്ദിച്ചു.

ലിറ്റർജിക്കൽ റിസർച്ച് സെന്റർ ചെയർമാൻ മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണവും മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതവും റവ. ഡോ. അബ്രഹാം കാവിൽപ്പുരയിടത്തിൽ ആശംസകളും നേർന്നു.

സെമിനാറിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട 12 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ യുവജനങ്ങളുടെ വിദേശ കുടിയേറ്റം, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹ്യ-രാഷ്ട്രീയ വെല്ലുവിളികൾ, സീറോ മലബാർ സഭയുടെ കുടിയേറ്റ ശുശ്രൂഷ, ബൈബിൾ-ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങൾ പ്രബന്ധങ്ങളിൽ ചർച്ചയാകും. വൈദികർ, സന്ന്യസ്തർ, ഗവേഷണ വിദ്യാർത്ഥികൾ, അല്മായ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സെമിനാറിൽ പങ്കെടുക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.