ന്യൂഡല്‍ഹി: നീറ്റ് യു.ജി പുനപരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യത്ത് പരീക്ഷാ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും ക്രമക്കേടുകളെയും തുടര്‍ന്ന് ആദ്യ പരീക്ഷ റദ്ദാക്കിയതും വീണ്ടുമൊരു പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരുന്നതുമാണ് വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തിയത്.
ഡല്‍ഹിയിലെ പാലം സ്വദേശിയായ രേണു (17), ആദ്യ പരീക്ഷ റദ്ദാക്കിയതിലുള്ള നിരാശയും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതിലുള്ള വിഷമവും പങ്കുവെക്കുന്ന ആത്മഹത്യാക്കുറിപ്പ് ബാക്കിവെച്ചാണ് ജൂണ്‍ 13 ന് ജീവനൊടുക്കിയത്. ഇതിന് മുമ്പ് രണ്ട് തവണ നീറ്റ് പരീക്ഷ എഴുതുകയും മൂന്നാം ശ്രമത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്ന രാജസ്ഥാന്‍ ജുന്‍ജുനു സ്വദേശിയായ ഉമേഷ് മാലി (22) സീക്കറിലെ സ്വകാര്യ ഫ്‌ളാറ്റിലും, പഠനത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിലുള്ള നിരാശയാല്‍ 'മാതാപിതാക്കളെ ഏറെ സ്‌നേഹിക്കുന്നു' എന്ന് എഴുതിവെച്ച് ദെഹ്റാദൂണിലെ റിയാ കുമാരിയും (23) ജീവിതം അവസാനിപ്പിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിനിയായ അനുകീര്‍ത്തന (19), കോച്ചിങ്ങിനായി പിതാവ് വന്‍തുക ചിലവഴിച്ചതിലുള്ള വിഷമവും വീണ്ടുമൊരു പരീക്ഷ എഴുതാനുള്ള ഭയവും ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍ സന്ദേശമയച്ച ശേഷമാണ് ജീവനൊടുക്കിയത്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയെയും ക്രമക്കേടുകളെയും തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് കോടിക്കണക്കിന് രൂപ ചിലവഴിച്ച് മാസങ്ങളോളം തയ്യാറെടുത്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. ഈ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും കേന്ദ്ര ഗവണ്‍മെന്റും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രാജ്യ വ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ ജീവന് വില കല്‍പ്പിക്കാത്ത നിലവിലെ പരീക്ഷാ സമ്പ്രദായം അടിയന്തരമായി പരിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അതേസമയം പരീക്ഷാ സംബന്ധമായ മാനസിക സമ്മര്‍ദ്ദങ്ങളോ ആത്മഹത്യാ ചിന്തകളോ അലട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ സൗജന്യ കൗണ്‍സിലിങ് ഹെല്‍പ്പ്ലൈനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. സഹായത്തിനായി സംസ്ഥാന ഹെല്‍പ്പ്ലൈനായ ദിശ (1056) വഴിയോ മറ്റ് അംഗീകൃത കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.