ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് തിരിച്ചടി; ദക്ഷിണ ഓസ്‌ട്രേലിയയിൽ ഗർഭച്ഛിദ്ര നിയന്ത്രണ ബിൽ തള്ളി

ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് തിരിച്ചടി; ദക്ഷിണ ഓസ്‌ട്രേലിയയിൽ ഗർഭച്ഛിദ്ര നിയന്ത്രണ ബിൽ തള്ളി

അഡ്‌ലെയ്ഡ്: ഗർഭസ്ഥ ശിശുവിന്റെ ജീവനും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ദക്ഷിണ ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ച ഗർഭച്ഛിദ്ര നിയന്ത്രണ ബിൽ പാർലമെന്റ് തള്ളി. 24 ആഴ്ചയ്‌ക്കുശേഷമുള്ള ഗർഭച്ഛിദ്രം കർശനമായി നിയന്ത്രിക്കാൻ ലക്ഷ്യമിട്ട ബിൽ സഭയിൽ നടന്ന നിർണായക വോട്ടെടുപ്പിലാണ് പരാജയപ്പെട്ടത്.

ഫാമിലി ഫസ്റ്റ് എംപി സാറ ഗെയിം അവതരിപ്പിച്ച ഈ ബിൽ സംസ്ഥാനത്തിന്റെ ഉപരിസഭയിൽ 10 നെതിരെ ഒൻപത് വോട്ടുകൾക്ക് പാസായെങ്കിലും പിന്നീട് ഹൗസ് ഓഫ് അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 36-നെതിരെ ഒൻപത് വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന വികാരപരമായ ചർച്ചകൾക്ക് ശേഷമാണ് സഭ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്തത്.

ഗർഭാവസ്ഥ തുടരുന്നത് ഗർഭിണിയുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന് രണ്ട് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ 23 ആഴ്ചയ്‌ക്ക് ശേഷവും ഗർഭച്ഛിദ്രം അനുവദിക്കുന്ന നിലവിലെ നിയമത്തിൽ മാറ്റം വരുത്താനായിരുന്നു ഈ ബിൽ ലക്ഷ്യമിട്ടത്. ഗർഭസ്ഥ ശിശുവിന്റെ അതിജീവനം അസാധ്യമാക്കുന്ന സാരമായ വൈകല്യങ്ങൾ ഉള്ളപ്പോൾ മാത്രം ഗർഭച്ഛിദ്രം അനുവദിക്കണമെന്ന ധാർമ്മികമായ നിലപാടാണ് ബിൽ മുന്നോട്ടുവെച്ചത്.

വോട്ടെടുപ്പിന് മുന്നോടിയായി ജീവന്റെ മൂല്യത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി വലിയൊരു വിഭാഗം വിശ്വാസികളും ആക്ടിവിസ്റ്റുകളും പാർലമെന്റിന് മുന്നിൽ പ്രാർത്ഥനയോടെയും പ്രതിഷേധങ്ങളോടെയും തടിച്ചുകൂടിയിരുന്നു. പ്രീമിയർ പീറ്റർ മലിനൗസ്‌കാസും പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹേണും ബില്ലിനെ അനുകൂലിച്ചുവെങ്കിലും അന്തിമഘട്ടത്തിൽ സഭ ബിൽ തള്ളുകയായിരുന്നു. മനുഷ്യ ജീവന്റെ മഹത്വത്തെക്കുറിച്ചും ഓരോ ജീവനും ദൈവത്തിന്റെ ദാനമാണെന്നുമുള്ള ബോധ്യത്താൽ ബില്ലിനെ പിന്തുണച്ചവർക്ക് തിരിച്ചടിയായി ഈ തീരുമാനം മാറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.