തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന് എത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ വനിതാ പരിശീലകരെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കര്‍ശന നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അസിസ്റ്റന്റ് കോച്ചിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന പരാതിയുടെയും പത്ര വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. നിലവില്‍ പ്രതിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വനിതാ ക്രിക്കറ്റര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
വനിതാ കോച്ചിന്റെ സാന്നിധ്യം: വനിതാ പരിശീലകര്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍, പരിശീലനം നടക്കുന്ന സമയത്ത് ഒരു മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം നിര്‍ബന്ധമായും ഉറപ്പാക്കണം.
വസ്ത്രം മാറുന്ന മുറികളില്‍ വിലക്ക്: പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന മുറികളില്‍ (ചേഞ്ചിങ് റൂം) പുരുഷന്മാര്‍ക്ക് പ്രവേശനം പൂര്‍ണമായും നിരോധിക്കണം. ആവശ്യമെങ്കില്‍ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.
മാതാപിതാക്കള്‍ക്ക് അനുമതി: പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക്, അവര്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ പരിശീലന സ്ഥലത്ത് തുടരാന്‍ അനുവാദം നല്‍കണം.
സിസിടിവി നിരീക്ഷണം: അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് അസ്വാഭാവികത കണ്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണം.
അടിയന്തര നടപടി: പരിശീലകര്‍ക്കെതിരെ എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഒട്ടും വൈകാതെ തന്നെ അത് പൊലീസിന് കൈമാറണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പോക്സോ കേസില്‍ വിചാരണ നേരിടുന്ന ആരോപണ വിധേയനായ കോച്ചുമായി മറ്റ് ജില്ലാ അസോസിയേഷനുകള്‍ യാതൊരു കാരണവശാലും സഹകരിക്കരുത്.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ ശക്തമായ സുരക്ഷാ നയങ്ങള്‍ നടപ്പിലാക്കുമെന്ന് കെസിഎ അറിയിച്ചു.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: കെസിഎയിലോ ജില്ലാ അസോസിയേഷനുകളിലോ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പോളിസി: കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുന്നതിനായി പ്രത്യേക ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പോളിസിക്ക് രൂപം നല്‍കും.
ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കും.
ബോധവല്‍ക്കരണവും കൗണ്‍സിലിങും: കെസിഎയിലെയും ജില്ലാ അസോസിയേഷനിലെയും ജീവനക്കാര്‍ക്ക് കൗണ്‍സിലിങ് നല്‍കും. ഒപ്പം യുവ പരിശീലകര്‍ക്ക് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച് പ്രത്യേക ബോധവല്‍ക്കരണം ഉറപ്പാക്കും.
ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഓര്‍മ്മിപ്പിച്ചു.