തിരുവനന്തപുരം: വലിയ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യത്തോടെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍ രാവിലെ ഒന്‍പതിന് ബജറ്റ് അവതരണ നടപടികള്‍ ആരംഭിക്കും.
കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ധനകാര്യ ധവളപത്രം പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ എത്തുന്ന ബജറ്റ് എന്ന നിലയില്‍ വലിയ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഇതിനെ ഉറ്റുനോക്കുന്നത്.
ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ, നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനും കേന്ദ്ര വിഹിതം പരമാവധി നേടിയെടുക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കിഫ്ബിയുടെ ഘടനയില്‍ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങളാണ് ഈ ബജറ്റില്‍ ഏറ്റവും പ്രധാനമായി നിരീക്ഷിക്കപ്പെടുന്നത്.
കടുത്ത സാമ്പത്തിക പരിമിതികള്‍ ഉള്ളതിനാല്‍ വന്‍കിട പദ്ധതികള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ കുറവായിരിക്കുമെങ്കിലും സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം ഏല്‍പ്പിക്കാത്ത തരത്തിലുള്ള ഒരു ജനപ്രിയ സമീപനമായിരിക്കും സര്‍ക്കാരിന്റേത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.