ലിയോ മാർപാപ്പ നവംബറിൽ പെറു സന്ദർശിക്കും; സ്ഥിരീകരണവുമായി പെറുവിയൻ പ്രസിഡന്റ്

ലിയോ മാർപാപ്പ നവംബറിൽ പെറു സന്ദർശിക്കും; സ്ഥിരീകരണവുമായി പെറുവിയൻ പ്രസിഡന്റ്

വത്തിക്കാൻ: പെറുവിയൻ പ്രസിഡന്റ് ജോസെ മരിയ ബാൽകാസർ വത്തിക്കാനിലെത്തി ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബർ മാസത്തിന്റെ ആദ്യ പകുതിയിൽ മാർപാപ്പ പെറു സന്ദർശിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഈ സന്ദർശനത്തിന്റെ ഭാഗമായി ലിമ, ചിക്ലായോ, പിയൂര, പുക്കാൽപ, കുസ്കോ എന്നീ പ്രധാന നഗരങ്ങളിൽ മാർപാപ്പ എത്തും. യാത്രാ സംഘത്തിന്റെ തീരുമാന പ്രകാരം അരെക്വിപ്പ നഗരവും സന്ദർശന പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്ന് പ്രസിഡന്റ് സൂചന നൽകി. ഔദ്യോഗിക വിവരങ്ങൾ വത്തിക്കാൻ വൈകാതെ പുറത്തുവിടും.

ഏകദേശം രണ്ട് മണിക്കൂർ നീണ്ട ഈ കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങളാണ് ചർച്ചയായത്. പെറുവിലെ രാഷ്ട്രീയ സ്ഥിതിവിശേഷങ്ങൾ ഇരുനേതാക്കളും വിലയിരുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യാവകാശങ്ങളും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം 'മാഗ്നിഫിക്ക ഹ്യുമാനിത്താസ്' ചർച്ചാവിഷയമായി.

ആഗോളതലത്തിൽ നേരിടുന്ന കുടിയേറ്റ പ്രശ്നങ്ങൾ, രാജ്യത്തെ നിയമവിരുദ്ധ ഖനനം തുടങ്ങിയ ഗൗരവകരമായ കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.