റോം: റോമിലെ ഓറേലിയ ആശുപത്രിയിലെ ചാപ്പലിൽ നടന്ന വിശുദ്ധ വസ്തുക്കളുടെ മോഷണം വിശ്വാസികളെ വലിയ ഞെട്ടലിലാക്കി. ജൂൺ 16-നാണ് ഈ സംഭവം നടന്നത്. ചാപ്പലിനുള്ളിലെ പീഠത്തിൽ സ്ഥാപിച്ചിരുന്ന കനത്ത ഭാരമുള്ള സക്രാരി അക്രമി സംഘം ബലമായി അടർത്തി മാറ്റിക്കൊണ്ടുപോവുകയായിരുന്നു.
വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന സക്രാരിയ്ക്ക് പുറമെ നേർച്ചപ്പെട്ടികളിൽ ഉണ്ടായിരുന്ന വഴിപാട് തുകകളും മോഷ്ടാക്കൾ കവർന്നു. പിറ്റേന്ന് രാവിലെ ആശുപത്രി ചാപ്പലൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ റോം രൂപത അഗാധമായ വേദന രേഖപ്പെടുത്തുകയും ഇതിനെ ഒരു മതനിന്ദാപരമായ പ്രവൃത്തിയായി അപലപിക്കുകയും ചെയ്തു. രോഗികൾക്ക് ആശ്വാസവും ആത്മീയ പിന്തുണയും നൽകുന്ന ഈ ചാപ്പലിൽ നടന്ന അക്രമം അതീവ ഹൃദയഭേദകമാണെന്ന് റോം രൂപതയുടെ പടിഞ്ഞാറൻ മേഖലയുടെ സഹായമെത്രാൻ മോൺസിഞ്ഞോർ സ്റ്റെഫാനോ സ്പാരപാനി പറഞ്ഞു.
ഈ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാപ്പൽ എത്രയും വേഗം വീണ്ടും പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കാനും സക്രാരി പുനസ്ഥാപിച്ച ശേഷം പ്രായശ്ചിത്ത കർമ്മങ്ങൾ നടത്താനും രൂപത തീരുമാനിച്ചിട്ടുണ്ട്.