നകുരു: തീനാളങ്ങൾക്കിടയിലും ക്രിസ്തുവിന്റെ സ്നേഹവും കരുണയും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഒരു കൊച്ചു മാലാഖയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് ലോകം. കെനിയയിലെ നകുരു രൂപതയ്ക്ക് കീഴിലുള്ള ഉതുമിഷ ഗേൾസ് അക്കാദമിയിൽ നടന്ന അഗ്നിബാധയിൽ സഹപാഠികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലി നൽകിയ പതിനഞ്ചുകാരി കത്തോലിക്കാ വിദ്യാർത്ഥിനി ഫോർച്യൂൺ ഐമായ ലോസിക്കെയുടെ ധീരത വിസ്മയമാകുകയാണ്.
ഉതുമിഷ ഗേൾസ് അക്കാദമി സീനിയർ സ്കൂളിലാണ് ആ ദുരന്തം സംഭവിച്ചത്. മരണം തൊട്ടുമുന്നിലെത്തിയിട്ടും സുരക്ഷിതമായി പുറത്തുകടക്കാൻ അവസരമുണ്ടായിട്ടും തകർന്നു വീഴാറായ ഹോസ്റ്റലിനുള്ളിലേക്ക് തിരികെ ഓടിയത് തന്റെ കൂട്ടുകാരികളെ രക്ഷിക്കാനായിരുന്നു. സഹായത്തിനായി നിലവിളിച്ച കൂട്ടുകാരികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കവെ മേൽക്കൂര തകർന്നു വീണ് അവൾ അഗ്നിയിൽ വെന്തുമരിക്കുകയായിരുന്നു.
സംസ്കാര ചടങ്ങിൽ ഫാ. ജോൺ ൻസാവു പങ്കുവെച്ച വാക്കുകൾ വിശ്വാസികളുടെ കണ്ണുനനയിക്കുന്നതായിരുന്നു. "ക്രിസ്തു നമ്മുടെ സഹോദരി ഫോർച്യൂണിനെ പൂർണ സന്നദ്ധയായിട്ടാണ് കണ്ടെത്തിയത്. മരണത്തിലും അവൾ ക്രിസ്തുവിനോട് ചേർന്നുനിന്നു എന്നതിന് തെളിവാണ് അഗ്നിബാധയിലും കേടുപാടുകൾ കൂടാതെ അവശേഷിച്ച അവളുടെ ജപമാല," അദേഹം പറഞ്ഞു. അവളുടെ കഴുത്തിൽ കിടന്നിരുന്ന ആ ജപമാലയിലൂടെയാണ് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞതെന്ന് അമ്മ പോളിൻ ലോസികെ വിതുമ്പലോടെ ഓർക്കുന്നു. മരണത്തിന്റെ നിഴലിലും തന്റെ ആയുധമായ ജപമാലയെ അവൾ കൈവിട്ടിരുന്നില്ല.
പ്രതിസന്ധികളിൽ പെട്ടെന്ന് ഭയപ്പെടുന്ന സ്വഭാവമായിരുന്നിട്ടും ആ നിർണായക നിമിഷത്തിൽ ഫോർച്യൂൺ കാണിച്ചത് അസാധാരണമായ ദൈവീക ധൈര്യമാണ്. ജനാലയിലൂടെ രക്ഷപ്പെടാൻ അവസരം ലഭിച്ചിട്ടും മറ്റ് കുട്ടികൾക്ക് മുൻഗണന നൽകിയ അവൾ പുറത്തേക്ക് ചാടാൻ ശ്രമിക്കവെ കാൽ കുടുങ്ങി തകർന്നു വീണ മേൽക്കൂരയ്ക്കടിയിൽ പെടുകയായിരുന്നു.
ഒരിക്കലും മങ്ങാത്ത ഓർമ്മകളുമായി, തന്റെ കർത്താവിന്റെ തിരുമുമ്പിൽ ഒരു വീരനായികയായി അവൾ വിടവാങ്ങി. ഒരു കത്തോലിക്കാ വിശ്വാസിയായ ഈ വിദ്യാർത്ഥിനി “മറ്റുള്ളവരുമായി നല്ല രീതിയിൽ ജീവിച്ച ഒരു വീരനായികയായിരുന്നു” എന്ന് സലേഷ്യൻ സന്ന്യാസ സഭാംഗം കൂടിയായ വൈദികൻ വിശേഷിപ്പിച്ചു. സഹനത്തിന്റെയും ത്യാഗത്തിന്റെയും പുതിയൊരു സുവിശേഷ പാഠമായി അവളുടെ ജീവിതം മാറുകയാണ്.