കൊച്ചി: പ്രവാസികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ സിഎൻ ഗ്ലോബൽ മൂവിസിന്റെ ആദ്യ ചലച്ചിത്രം 'സ്വർഗം' കുടുംബ പ്രേക്ഷകർക്കായി ടെലിവിഷനിൽ എത്തുന്നു. നാളെ(ഞായർ) വൈകുന്നേരം ആറ് മണിക്ക് മഴവിൽ മനോരമയിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ കുടുംബ ചിത്രം സമൂഹത്തിന് ഉത്തമമായൊരു സന്ദേശം നൽകുന്നതാണ്. പ്രവാസികളുടെ ഹൃദയങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ ചിത്രം, തീയറ്ററുകളിൽ മികച്ച വിജയം കൈവരിച്ചതിന് ശേഷമാണ് ഇപ്പോൾ ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഡോ. ലിസി കെ. ഫെർണാണ്ടസിന്റേതാണ് കഥ. സംവിധാനം രജിസ് ആന്റണി. 2024 നവംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച കഥയും അഭിനേതാക്കളുടെ പ്രകടനങ്ങളും ശ്രദ്ധേയമായ ഗാനങ്ങളും കൊണ്ട് ശ്രദ്ധേയമാണ്.
സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്‌സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. പ്രൊഡക്ഷൻ കൺട്രോളർ തോബിയാസ് പി.കെ. വിതരണം വള്ളുവനാടൻ ഫിലിംസ്.
വർഗീസ് തോമസ് (യുഎഇ), രഞ്ജിത്ത് ജോൺ (ഓസ്‌ട്രേലിയ), സിബി മാണി കുമാരമംഗലം (ഇറ്റലി), മാത്യു തോമസ് (യുഎഇ), മനോജ് തോമസ് (യുഎഇ), ജോർജുകുട്ടി പോൾ (ഒമാൻ), ബേബിച്ചൻ വർഗീസ് (ഓസ്‌ട്രേലിയ), റോണി ജോൺ (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), പിന്റോ മാത്യു (നൈജീരിയ), ജോസ് ആന്റണി (യുഎഇ), വിപിൻ വർഗീസ് (യുഎഇ), ജോൺസൺ പുന്നേലിപറമ്പിൽ (ഓസ്‌ട്രേലിയ), എൽസമ്മ എബ്രാഹാം ആണ്ടൂർ (ഇന്ത്യ), ജോബി തോമസ് മറ്റത്തിൽ (കുവൈറ്റ്) എന്നിവരാണ് മറ്റ് നിർമാതാക്കൾ.