ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മേഖല വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ശക്തമാകുന്നു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ച ഇറാൻ മേഖലയിലെ സമാധാന ശ്രമങ്ങൾ തകിടം മറിഞ്ഞതായി പ്രഖ്യാപിച്ചു. മരവിപ്പിക്കപ്പെട്ട ഇറാനിയൻ സ്വത്തുക്കൾ വകമാറ്റി ഗൾഫ് രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നൽകാനുള്ള അന്താരാഷ്ട്ര നീക്കങ്ങളും ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ടെഹ്റാൻ കർശന മുന്നറിയിപ്പ് നൽകി.
അമേരിക്കയുമായി സമാധാനക്കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് മണിക്കൂറുകൾക്കകം ദക്ഷിണ ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയതാണ് സംഘർഷത്തിന് വഴിവെച്ചതെന്നാണ് ഇറാന്റെ ആരോപണം.
വ്യോമാക്രമണങ്ങളിലും പീരങ്കി ആക്രമണങ്ങളിലും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതോടെയാണ് ഇറാൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. കരാറുകൾ ആവർത്തിച്ച് ലംഘിക്കുന്നതിലൂടെ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുകയാണെന്നും ഇറാൻ ആരോപിച്ചു.
ലബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തതനുസരിച്ച് വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ നബാതിയ മേഖലയിൽ ഇസ്രയേൽ വ്യോമസേനയും ഡ്രോണുകളും തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പുലർച്ചെയോടെ നബാതിയയിൽ ഇസ്രയേൽ പീരങ്കി ആക്രമണവും നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചെന്ന വാർത്തയും ലബനനിലെ പുതിയ ആക്രമണങ്ങളും പുറത്തുവന്നതോടെ പശ്ചിമേഷ്യ വീണ്ടും വലിയ യുദ്ധഭീഷണിയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിരിക്കുകയാണ്.