ഹിജാബ് ധരിക്കാതെ പാ‌ട്ട് പാടി ; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ; വ്യാപക പ്രതിഷേധം

ഹിജാബ് ധരിക്കാതെ പാ‌ട്ട് പാടി ; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ; വ്യാപക പ്രതിഷേധം

ടെഹ്‌റാൻ: ഓൺലൈൻ സംഗീത പരിപാടിയിൽ ഹിജാബ് ധരിക്കാതെ പാടിയെന്നാരോപിച്ച് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ച് ഖോമിലെ ക്രിമിനൽ കോടതി. ഗായികയ്‌ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത എട്ട് സംഘാംഗങ്ങൾക്കും കോടതി ശിക്ഷ
വിധിച്ചിട്ടുണ്ട്.

2024 ൽ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ തത്സമയ സംഗീതപരിപാടിക്കിടെ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് അധികൃതർ പരസ്തൂവിനെ അറസ്റ്റ് ചെയ്തത്. അശ്ലീലവും അസന്മാർഗികവുമായ ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചാട്ടവാറടിക്ക് പുറമെ അടുത്ത രണ്ട് വർഷത്തേക്ക് ഇറാനിൽ നിന്ന് പുറത്തു പോകുന്നതിനും ഏത് തരത്തിലുള്ള സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനും ഇവർക്ക് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പരസ്തൂവിന്റെ അറസ്റ്റും ശിക്ഷാവിധിയും ഇറാനിലും രാജ്യാന്തര തലത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്ന കലാകാരന്മാരെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത കടന്നുകയറ്റമാണിതെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനമുയരുന്നുണ്ട്.

ഇറാനിലെ കർശനമായ വസ്ത്രധാരണ നിയമങ്ങളും സാംസ്കാരിക നിയന്ത്രണങ്ങളും ലംഘിക്കുന്ന കലാകാരന്മാർക്കെതിരെ ഭരണകൂടം സ്വീകരിക്കുന്ന നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ ശിക്ഷാവിധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.