അബുദാബി: അബുദാബി എമിറേറ്റില്‍ സിനിമാശാലകള്‍ ഉള്‍ക്കൊളളാവുന്നതിന്റെ 30 ശതമാനമെന്ന രീതിയില്‍ പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനം.
മാസ്ക് ധരിക്കണം, സാമൂഹിക അകലമുണ്ടായിരിക്കണം, കൃത്യമായ ഇടവേളകളില്‍ അണുനശീകരണം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന രീതിയിലാണ് സിനിമാശാലകള്‍ ഫെബ്രുവരി അഞ്ച് മുതല്‍ താല്‍ക്കാലികമായി പ്രവർത്തനം നിർത്തിവച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാ ശാലകള്‍ തുറക്കുകയാണെന്ന് വോക്സ് സിനിമാസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.