തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കില്ല. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം കൂടി സമര്‍പ്പിച്ച ശേഷമേ കീമിന്റെ ഫല പ്രഖ്യാപനമുണ്ടാകൂ.
എന്നാല്‍, പുതിയ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം 26ന് ഫലം പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.
ഇന്നലെ രാത്രിയാണ് സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയ ഫലം പുറത്തു വന്നത്. ഈ മാര്‍ക്ക് വിവരങ്ങള്‍ കൂടി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതുണ്ട്. അതിനാല്‍ കീം ഫലപ്രഖ്യാപന തിയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കീം ഫല പ്രഖ്യാപനം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് അപ്ഡേറ്റ് ചെയ്ത് നല്‍കേണ്ട നടപടി സ്വീകരിക്കാന്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.