ഇറാനിൽ നവജാത ശിശു വിൽപന സജീവം; പത്തു വർഷത്തെ ദത്തെടുക്കലുകളിൽ മൂന്നിലൊന്നും നിയമവിരുദ്ധമെന്ന് ഔദ്യോഗിക റിപ്പോർട്ട്

ഇറാനിൽ നവജാത ശിശു വിൽപന സജീവം; പത്തു വർഷത്തെ ദത്തെടുക്കലുകളിൽ മൂന്നിലൊന്നും നിയമവിരുദ്ധമെന്ന് ഔദ്യോഗിക റിപ്പോർട്ട്

ടെഹ്റാൻ: ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് ഇറാനിൽ നവജാത ശിശുക്കളുടെ വിൽപനയും അനധികൃത ദത്തെടുക്കലുകളും ഭയാനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഔദ്യോഗിക ക്ഷേമ സംഘടനയായ 'ബെഹ്സിസ്തി' പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടന്ന ദത്തെടുക്കലുകളിൽ 29 ശതമാനവും നിയമവിരുദ്ധമായ പാതയിലൂടെയാണ് നടന്നത്.

2013 മുതൽ 2024 വരെയുള്ള കാലയളവിൽ ഇറാനിൽ രജിസ്റ്റർ ചെയ്തത് ആകെ 18,240 ദത്തെടുക്കൽ കേസുകളാണ്. ഇതിൽ 13,020 കേസുകൾ (71 ശതമാനം) മാത്രമാണ് നിയമപരമായി നടന്നത്. എന്നാൽ 5,224 ദത്തെടുക്കലുകൾ (29 ശതമാനം) സർക്കാർ സംവിധാനങ്ങളെ പൂർണമായും മറികടന്ന് ഇടനിലക്കാർ വഴിയും വ്യാജരേഖകൾ നിർമ്മിച്ചുമാണ് നടത്തിയത്.

സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും സജീവമായ ചർച്ചകൾക്ക് വഴിവെച്ച ഒരു സംഭവത്തിൽ ഒരു അമ്മ തന്റെ നവജാതശിശുക്കളെ തുച്ഛമായ തുകയ്ക്ക് വിറ്റ വാർത്ത പുറത്തുവന്നിരുന്നു. ദാരിദ്ര്യം, ലഹരിമരുന്ന് ഉപയോഗം, ലൈംഗികത്തൊഴിൽ, സാമൂഹിക സമ്മർദങ്ങൾ, കൂടാതെ കൃത്യമായ നിയമപരിപാലനത്തിന്റെ അഭാവം എന്നിവയാണ് ഈ മാഫിയാ സംഘങ്ങൾ വളരാൻ കാരണമാകുന്നതെന്ന് 'പൂയ ഹെൽപ്പേഴ്സ് ഓഫ് ചൈൽഡ് വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്' ഡയറക്ടർ പരീസ വാലന്റീന പൗയൻ വ്യക്തമാക്കുന്നു.

കുട്ടികളില്ലാത്ത ദമ്പതികൾക്ക് പുറമെ കടുത്ത ചൂഷണങ്ങൾക്കും വീട്ടുജോലികൾക്കുമായി കുട്ടികളെ വാങ്ങുന്ന സംഘങ്ങളും ഈ വിപണിയിൽ സജീവമാണ്. നിയമ വിരുദ്ധമായി വാങ്ങപ്പെടുന്ന കുട്ടികൾ പീഡനങ്ങൾക്കും ബാലവേലയ്ക്കും അടിമത്തത്തിനും തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയ്ക്കും ഇരയാകാൻ സാധ്യത വളരെ കൂടുതലാണെന്ന് ചൈൽഡ് റൈറ്റ്സ് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. നിയമ വിരുദ്ധമായി ദത്തെടുക്കപ്പെട്ട കുട്ടി പിന്നീട് ഒരു കുടുംബത്തിലെ വീട്ടുവേലക്കാരനായി മാറുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പൗയൻ സാക്ഷ്യപ്പെടുത്തുന്നു.

ഈ അധോലോക വിപണി പൂർണമായും രഹസ്യമായി നടക്കുന്നതിനാൽ പുറത്തുവന്ന കണക്കുകളേക്കാൾ ഭയാനകമായ അവസ്ഥയായിരിക്കും യഥാർത്ഥത്തിൽ നിലനിൽക്കുന്നതെന്ന ആശങ്കയാണ് അധികൃതരും മനുഷ്യാവകാശ പ്രവർത്തകരും പങ്കുവെക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.