കൊച്ചി: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
അമ്മ വിനോദിനിയുടെ പേരിലുള്ള സിം ബിനീഷാണ് ഉപയോഗിച്ചതെന്ന സംശയം കസ്റ്റംസിന് ഉണ്ട്. ഈ സിമ്മിലെ ഫോണ്‍ കോളുകളാണ് ഫോണ്‍ ബിനീഷായിരിക്കാം ഉപയോഗിച്ചതെന്ന് കസ്റ്റംസ് സംശയിക്കാന്‍ കാരണം. ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
എങ്ങനെയാണ് വിനോദിനിയുടെ പക്കല്‍ ഈ ഫോണ്‍ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക. ഫോണ്‍ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിന് ശേഷമാകും തുടര്‍ നടപടി.