ആലപ്പുഴ: കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കാര്‍ഷിക-സാംസ്‌കാരിക പൈതൃകം ഇനി ആഗോളതലത്തിലേക്ക്. കുട്ടനാടിനെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലെ കള്‍ച്ചറല്‍ ലാന്‍ഡ്‌സ്‌കേപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ശുപാര്‍ശ നല്‍കും. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സമര്‍പ്പിച്ച വിദഗ്ധ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണായക നീക്കം.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും വിഷയം വിശദമായി പരിശോധിച്ച ശേഷമാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് അറിയിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി. ഇന്ത്യയുടെ പൈതൃക സ്ഥലങ്ങളുടെ പ്രാഥമിക പട്ടികയില്‍ ഇടംപിടിക്കുന്നതോടെ ലോക പൈതൃക പദവിയിലേക്കുള്ള ആദ്യ കടമ്പ കുട്ടനാട് പിന്നിടും.
സമുദ്രനിരപ്പിന് താഴെയുള്ള ലോകത്തിലെ തന്നെ അപൂര്‍വം കൃഷി സമ്പ്രദായങ്ങളിലൊന്നാണ് കുട്ടനാട്ടിലേത്. തനത് ജലവിഭവ മാനേജ്‌മെന്റ് സംവിധാനം, കായല്‍ നികത്തി നിലമൊരുക്കിയ പരമ്പരാഗത അറിവുകള്‍, കായല്‍ ജൈവ വൈവിധ്യം എന്നിവയാണ് പൈതൃക പദവിക്കായി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഹെറിറ്റേജ് സിസ്റ്റം ആയി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുനെസ്‌കോ പദവിക്കായുള്ള സമ്മര്‍ദ്ദവും ശക്തമായത്.