സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കടന്നുവരവും ആഗോള പുനസംഘടനയും മുന്‍നിര്‍ത്തി പ്രമുഖ ക്ലൗഡ് കമ്പ്യൂട്ടിങ് ഭീമനായ ഒറാക്കിള്‍ തങ്ങളുടെ ആകെ ജീവനക്കാരുടെ 13 ശതമാനത്തെ പിരിച്ചുവിട്ടു. 2026 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വാര്‍ഷിക റെഗുലേറ്ററി ഫയലിങിലാണ് ഐടി മേഖലയെ ഞെട്ടിച്ച വിവരങ്ങള്‍ ഉള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ ഏകദേശം 21000 ജീവനക്കാര്‍ക്കാണ് കമ്പനിയില്‍ ജോലി നഷ്ടമായത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 മെയ് മാസത്തില്‍ 1,62,000 ജീവനക്കാരുണ്ടായിരുന്ന ഒറാക്കിളില്‍, 2026 മെയ് 31 ലെ കണക്കുകള്‍ പ്രകാരം തൊഴിലാളികളുടെ എണ്ണം 1,41,000 ആയി കുറഞ്ഞു. 2026 റെസ്ട്രക്ചറിങ് പ്ലാന്‍ എന്ന് കമ്പനി വിശേഷിപ്പിച്ച ഈ പുനസംഘടനയ്ക്കായി മാത്രം വന്‍ തുകയാണ് ഒറാക്കിള്‍ ചിലവഴിച്ചത്. പിരിച്ചുവിട്ട ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കും മറ്റ് അനുബന്ധ ചിലവുകള്‍ക്കുമായി കമ്പനി 1.84 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു. മുന്‍ വര്‍ഷം ഇത് വെറും 374 ദശലക്ഷം ഡോളര്‍ മാത്രമായിരുന്നു.
തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എഐ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കിയതാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ പ്രധാന കാരണമായതെന്ന് കമ്പനി ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്. ഇതോടൊപ്പം മാനേജ്മെന്റിലെ മാറ്റങ്ങള്‍, തന്ത്രപരമായ പുതിയ തീരുമാനങ്ങള്‍, മറ്റ് കമ്പനികളെ ഏറ്റെടുക്കല്‍ എന്നിവയും ലേ ഓഫിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുറയ്ക്കുമ്പോഴും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളില്‍ വിപണി പിടിക്കാനായി വന്‍ നിക്ഷേപമാണ് ഒറാക്കിള്‍ നടത്തുന്നത്. വിപണിയിലെ പ്രധാന എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവയോട് മത്സരിക്കാന്‍ ഓപ്പണ്‍ എഐ, മെറ്റ എന്നി വമ്പന്മാരുമായി ഒറാക്കിള്‍ പുതിയ ഡാറ്റാ സെന്റര്‍ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.
തൊഴില്‍ നഷ്ടം ട്രാക്ക് ചെയ്യുന്ന Layoffs.fyi വെബ്സൈറ്റിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഇതുവരെ ആഗോളതലത്തില്‍ 196 ടെക് കമ്പനികളിലായി 1,19,800 ല്‍ അധികം ഐടി പ്രൊഫഷണലുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിട്ടുള്ളത്. എഐ സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള കടന്നുവരവ് വരും മാസങ്ങളില്‍ പരമ്പരാഗത ഐടി ജോലികളെ ഇനിയും ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.