ന്യൂഡല്‍ഹി: പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിലെ അടച്ചിട്ട ഗ്രൂപ്പുകളും ചാനലുകളും കേന്ദ്ര സര്‍ക്കാര്‍ സജീവ നിരീക്ഷണത്തിലാക്കിയതായി റിപ്പോര്‍ട്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അടുത്തിടെ ഏര്‍പ്പെടുത്തിയ താല്‍കാലിക വിലക്കിന് പിന്നാലെയാണ്, ആപ്പിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രാജ്യം നിരീക്ഷണം ശക്തമാക്കുന്നു എന്ന സൂചനകള്‍ പുറത്ത് വരുന്നത്.
ടെലഗ്രാം വഴി വന്‍തോതില്‍ സാമ്പത്തിക തട്ടിപ്പുകളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും വ്യാജ ഉള്ളടക്കങ്ങളും പ്രചരിക്കുന്നതായി സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ തയ്യാറാക്കിയ 35 പേജുള്ള സമഗ്ര റിപ്പോര്‍ട്ടിലാണ് ടെലഗ്രാമിനെതിരെയുള്ള ഗുരുതരമായ കണ്ടെത്തലുകളുള്ളത്. നീറ്റ് പുനപരീക്ഷയോടനുബന്ധിച്ച് ടെലഗ്രാമിന് ഏര്‍പ്പെടുത്തിയ ഒരാഴ്ചത്തെ വിലക്കിനെ ന്യായീകരിച്ചുകൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 2023 മുതല്‍ ടെലഗ്രാം വഴിയുള്ള സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് 6,88,000 ല്‍ അധികം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏകദേശം 750 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ടെലഗ്രാം ആപ്പ് വഴിയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2023 മുതല്‍ ടെലഗ്രാം വഴിയുണ്ടായ സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് 6,88,000 ല്‍ അധികം പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ തട്ടിപ്പുകളിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏകദേശം 750 മില്യണ്‍ ഡോളറിന്റെ ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. കൂടാതെ ഓണ്‍ലൈന്‍ വഴിയുള്ള ഉപദ്രവങ്ങളും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസ കാലയളവില്‍ മാത്രം 1556 പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
വ്യാജ തൊഴില്‍ പരസ്യങ്ങള്‍, കുട്ടികളുടെ പീഡന ദൃശ്യങ്ങള്‍, കൂടാതെ ബോളിവുഡ് ചിത്രമായ ധുരന്ധര്‍ പോലെയുള്ള പൈറേറ്റഡ് സിനിമകള്‍ എന്നിവ പ്രചരിപ്പിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ജൂണ്‍ 10 ന് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.