വത്തിക്കാൻ സിറ്റി: ക്രിസ്തുവിനോടുള്ള ഗാഢമായ ബന്ധത്തിൽനിന്ന് ശക്തി സ്വീകരിച്ച്, പ്രത്യാശയോടും സ്നേഹത്തോടും സ്ഥിരോൽസാഹത്തോടുംകൂടെ എല്ലാ സാഹചര്യങ്ങളിലും സുവിശേഷത്തിന് സാക്ഷികളാകാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. നയരൂപീകരണത്തിലൂടെയോ സാങ്കേതികവിദ്യകളിലൂടെയോ അല്ല സുവിശേഷവൽക്കരണം യഥാർത്ഥത്തിൽ ഉറവെടുക്കുന്നത്, പ്രാർത്ഥനയിലും നിശബ്ദതയിലും ധ്യാനത്തിലും വളർത്തിയെടുക്കുന്ന ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയിലൂടെയാണെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ഒരുക്കമായി നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്. യേശു തൻ്റെ ശിഷ്യന്മാരെ ദൗത്യത്തിനായി അയക്കുന്ന സുവിശേഷ ഭാഗത്തെ (മത്തായി 10: 26-33) ആധാരമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ പങ്കുവച്ചത്.
'അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍.' (മത്തായി 10 : 27) സുവിശേഷ പ്രഘോഷണമെന്നാൽ ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയുടെ പങ്കുവയ്ക്കലാണെന്ന് ഈ വചനം നമ്മെ ഓർമിപ്പിക്കുന്നു. സുവിശേഷം ആദ്യം വ്യക്തിപരമായി അനുഭവിച്ചറിഞ്ഞാൽ മാത്രമേ വിശ്വാസയോഗ്യമായി അത് പ്രഘോഷിക്കുവാനും സാധിക്കുകയുള്ളൂ എന്ന് ലിയോ പാപ്പാ പറഞ്ഞു.
അധികാരികമായ സാക്ഷ്യം
ക്രിസ്തീയ സാക്ഷ്യത്തിന്റെ ഫലപ്രാപ്തി നടപടിക്രമങ്ങളെയോ വിഭവശേഷിയോ അല്ല, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെയും ദൈവകൃപയോടുള്ള ഒരു വിശ്വാസിയുടെ ആത്മാർത്ഥമായ പ്രതികരണത്തെയും ആശ്രയിച്ചാണിരിക്കുന്നതെന്ന് ലിയോ പാപ്പാ വിശദീകരിച്ചു. സാങ്കേതിക വിദ്യകൾക്കും ഉപകരണങ്ങൾക്കുമപ്പുറം ഏതൊരു അപ്പസ്തോലിക ദൗത്യത്തിന്റെയും ശക്തി നമ്മിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലും നമ്മുടെ പ്രതികരണത്തിന്റെ ആധികാരികതയിലുമാണ് അടങ്ങിയിരിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു.
'ധ്യാനം' എന്നത് ആത്മീയമായ വരേണ്യ വർഗ്ഗത്തിനു മാത്രമായി മാറ്റിവയ്ക്കപ്പെട്ട ഒന്നാണെന്ന് നാം കരുതരുത്. ദൈനംദിന തിരക്കുകൾക്കിടയിലും ദൈവത്തെ ശ്രവിക്കാനും നമ്മുടെ സന്തോഷങ്ങളും ആകുലതകളും അവിടത്തെ ഭരമേൽപ്പിക്കാനും അവിടത്തെ സാന്നിധ്യത്തിൽ ജീവിതം വിലയിരുത്താനുമായി നാം കണ്ടെത്തുന്ന നിശബ്ദതയുടെ നിമിഷങ്ങളിലേക്കാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി.
അത്തരം നിമിഷങ്ങൾ നമ്മുടെ വിശ്വാസത്തെ കൂടുതൽ ബോധ്യമുള്ളതും ദൃഢവുമാക്കി മാറ്റും. തത്ഫലമായി, സുവിശേഷത്തിൻ്റെ വെളിച്ചം എല്ലാ സാഹചര്യങ്ങളിലും പ്രതിഫലപ്പിക്കാൻ കഴിയുന്ന വിശ്വസ്തരും സ്വതന്ത്രരുമായ പ്രേഷിതരായി നാം മാറുന്നു. വചനം സ്വീകരിക്കപ്പെടാത്ത ഇടങ്ങളിൽ പോലും സാക്ഷ്യം നൽകാൻ ഇത് നമ്മെ പ്രാപ്തരാക്കും.
മത്തായിയുടെ സുവിശേഷം എഴുതപ്പെട്ട ചരിത്രപശ്ചാത്തലത്തെ അനുസ്മരിച്ച പാപ്പാ, ശത്രുതയും പീഡനങ്ങളും അനുഭവിക്കേണ്ടിവന്ന സഭാസമൂഹങ്ങളെ അഭിസംബോധന ചെയ്താണ് അത് എഴുതപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞു. ഇന്ന് ലോകത്തിൻ്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾ അവർക്കും നേരിടേണ്ടി വന്നു. നിരാശക്കും ഭയത്തിനും കീഴടങ്ങാനുള്ള പ്രലോഭനം അന്ന് വലുതായിരുന്നു.
അന്നും ഇന്നും യേശുവിൻ്റെ പ്രബോധനങ്ങളോട് വിശ്വസ്തത പുലർത്തുന്നതും അവിടത്തെ വചനം പ്രഘോഷിക്കുന്നതും വെല്ലുവിളി നിറഞ്ഞതാണ്. വെറുപ്പിനു സ്നേഹം കൊണ്ടും അഹങ്കാരത്തിനു ശാന്തത കൊണ്ടും നിരാശയ്ക്കു നിശ്ചയദാർഢ്യം കൊണ്ടും മറുപടി നൽകുക എന്നത് പ്രയാസകരമാണ്.
അതിനാൽ, 'നമ്മുടെ വിശ്വാസത്തിന്റെയും പ്രേഷിത ദൗത്യത്തിന്റെയും വേരുകൾ ഉറപ്പിക്കേണ്ടത് നമ്മുടെ കർത്താവുമായുള്ള ഉറ്റ ബന്ധത്തിലാണ്.' ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ എവഞ്ചേലി ഗൗദിയത്തെ ഉദ്ധരിച്ചുകൊണ്ട് ലിയോ പാപ്പാ പറഞ്ഞു. ലോകത്തിന് ഇന്ന് ഏറെ ആവശ്യമായ പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം എല്ലാവരിലും എത്തിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.
നമ്മുടെ വിളിക്ക് അനുസൃതമായി പ്രേഷിതശിഷ്യരായി ജീവിക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.