തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ ആഭ്യന്തര വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. ബിഹാര്‍ സ്വദേശിയായ സിന്‍ഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ചീഫ് സെക്രട്ടറി എ. ജയതിലക് 30 ന് വിരമിക്കും. ശാരദ മുരളീധരന്‍ 2025 ഏപ്രില്‍ 30 ന് വിരമിച്ചതിനെ തുടര്‍ന്നാണ് ജയതിലക് സ്ഥാനമേറ്റത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിന്‍ഹ 2022 മാര്‍ച്ചിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായത്.
നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു സിന്‍ഹയെ 2021 മെയിലാണ് ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത്. എം.ശിവശങ്കര്‍ മാറിയതിനു ശേഷം ആദ്യമായാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഐടി വകുപ്പില്‍ നിയമിച്ചത്.
സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികജാതി, വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പിന്നാക്ക വികസന വകുപ്പ്, തദ്ദേശഭരണ വകുപ്പ് (അര്‍ബന്‍) എന്നിവയുടെ ചുമതല വഹിച്ചിട്ടുണ്ട്.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി, സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടായിരുന്നു.