സിഎംആർഎൽ - എക്സാലോജിക് കേസ്: എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് ലഭിച്ചു; വീണാ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യും

സിഎംആർഎൽ - എക്സാലോജിക് കേസ്: എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് ലഭിച്ചു; വീണാ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായകമായ 134 രേഖകൾ എസ്എഫ്ഐഒയിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ ഈ രേഖകൾ നേരത്തെ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ, വീണാ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 29 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് രണ്ട് തവണ വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഓഫീസിൽ വെച്ചും നടന്ന ചോദ്യം ചെയ്യലുകളിൽ എട്ട് മണിക്കൂറോളമാണ് ഇഡി വിവരങ്ങൾ ആരാഞ്ഞത്. കൂടാതെ തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ വീണയുടെ ലോക്കറും ഇഡി പരിശോധിച്ചിരുന്നു.

വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ്, യാതൊരു സേവനവും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 1.72 കോടിക്ക് പകരം 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.

കേസന്വേഷണത്തിന്റെ ഭാഗമായി കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത എന്നിവരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. എസ്എഫ്ഐഒ കണ്ടെത്തലുകളും ഇഡി ശേഖരിച്ച വിവരങ്ങളും ക്രോഡീകരിച്ചുള്ള പുതിയ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വ്യക്തത വരുത്താനാണ് ഏജൻസിയുടെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.