ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെയുണ്ടായ സാങ്കേതിക സാഹചര്യങ്ങള്‍ കാരണം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. ജൂണ്‍ 22 തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. എഐ 479 എയര്‍ബസ് വിമാനമാണ് അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച എയര്‍ ഇന്ത്യ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ഡ്യൂട്ടിയില്‍ നിന്ന് താല്‍കാലികമായി മാറ്റി നിര്‍ത്തി.
അമൃത്സര്‍ വിമാനത്താവളത്തില്‍ വലിയ രീതിയിലുള്ള വിമാനത്തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തിന് കൃത്യ സമയത്ത് ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പൈലറ്റ് ഗോ-എറൗണ്ട് (ലാന്‍ഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയരത്തിലേക്ക് പറത്തുന്ന പ്രക്രിയ) നടത്തുകയായിരുന്നു. ഇതിനിടയിലാണ് വിമാനം നിയന്ത്രണരേഖ മറികടന്ന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയത്.
രണ്ട് മിനിറ്റില്‍ താഴെ സമയം മാത്രമാണ് വിമാനം പാക് പരിധിയില്‍ തുടര്‍ന്നത്. ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെ വിമാനം ഉടന്‍ തന്നെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് തിരിച്ചെത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനിടയിലാണ് ഈ ചെറിയ വ്യതിയാനം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
അമൃത്സറിലെ തിരക്ക് തുടര്‍ന്നതിനാല്‍ വിമാനം പിന്നീട് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം സാങ്കേതിക പരിശോധനകള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനും ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ 2:20-ഓടെയാണ് അമൃത്സറില്‍ യാത്രക്കാരുമായി എത്തിയത്.
സംഭവം വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡി.ജി.സി.എയെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
മോശം കാലാവസ്ഥയും എയര്‍ ട്രാഫിക് തിരക്കുകളും കാരണം വിമാനങ്ങള്‍ അതിര്‍ത്തിക്കടുത്ത് ഇത്തരത്തില്‍ വഴി മാറുന്നത് സാധാരണമാണെന്നും സുരക്ഷാ ഭീഷണികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.