താമരശേരി: കോഴിക്കോട് താമരശേരിയിലെ ഒരു പൊതുവിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്‌കൂളിലെ വാട്ടര്‍ ബോട്ടിലിനുള്ളിലാണ് വിദ്യാര്‍ഥി ചാരായം ഒളിപ്പിച്ചു വെച്ചിരുന്നത്. സ്‌കൂള്‍ സംരക്ഷണ സമിതി യോഗത്തിനിടെ അധ്യാപികയ്ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍, സഹപാഠിയായ മറ്റൊരു വിദ്യാര്‍ഥിയാണ് തനിക്ക് നാടന്‍ ചാരായം എത്തിച്ച് നല്‍കിയതെന്ന് കുട്ടി വെളിപ്പെടുത്തി. സ്‌കൂളിലെ മറ്റ് ചില വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തില്‍ മദ്യം എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും ആറോളം പേര്‍ ഇത് ഉപയോഗിച്ചതായും അധ്യാപകര്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം വ്യാപിപ്പിച്ചു. കുട്ടികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടിപ്പാറ ചമല്‍ കേളന്‍മൂലയിലെ ഒരു റബ്ബര്‍ തോട്ടത്തില്‍ നടത്തിയ റെയ്ഡില്‍ ചാക്കുകളില്‍ സൂക്ഷിച്ച നിലയില്‍ 28 ലിറ്റര്‍ വ്യാജ മദ്യം കണ്ടെടുത്തു. അര ലിറ്ററിന്റെ 56 ബോട്ടിലുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
സംഭവത്തില്‍ ചമല്‍ കേളന്‍മൂല സ്വദേശിയായ പൂവന്‍മല രമേശന്‍ (40) എന്നയാള്‍ക്കെതിരെ അബ്കാരി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. പിടിക്കപ്പെട്ട വിദ്യാര്‍ഥികളിലൊരാളുടെ രണ്ടാനച്ഛനാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. വ്യാജ മദ്യം മറ്റ് സ്ഥലങ്ങളില്‍ നിര്‍മിച്ച ശേഷം വിതരണത്തിനായി ഇവിടെ ശേഖരിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ പ്രതി ഒളിവിലാണ്.
മദ്യം സ്‌കൂളിലേക്ക് കൊണ്ടുവന്ന കുട്ടിയെയും അത് ബാഗില്‍ സൂക്ഷിച്ച കുട്ടിയെയും പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. താമരശേരി പ്രിന്‍സിപ്പല്‍ എസ്.ഐ ഗൗതം ഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.