ബര്‍ഗന്‍സ്റ്റോക്ക്: അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചയ്ക്കായുള്ള സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ പാക് കരസേനാ മേധാവി അസിം മുനീറിനെ വധിക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പദ്ധതിയിട്ടിരുന്നതായി ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.
അസിം മുനീറിന് പുറമേ പാക് പ്രതിനിധി സംഘത്തെ വധിക്കാനും പദ്ധതിയിട്ടെന്നാണ് പെപ്പെ എസ്‌കോബാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ഗുരുതര ആരോപണം. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് എസ്‌കോബാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്റെയും ഖത്തറിന്റെയും പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടിലെത്തിയിരുന്നു. ഈ ഘട്ടത്തില്‍ നെതന്യാഹുവിന്റെ ഉത്തരവ് പ്രകാരം, അസിം മുനീറിനെയും കൂടെയുണ്ടായിരുന്ന പാക് പ്രതിനിധികളെയും വധിക്കാന്‍ മൊസാദ് പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സംബന്ധിച്ച വിവരം പാക് സൈന്യത്തിന് ലഭിച്ചിരുന്നതായും എസ്‌കോബാര്‍ അവകാശപ്പെട്ടു.
തുടര്‍ന്ന് ഒമാന്‍ വഴി ഇസ്രയേലിന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയതായും എസ്‌കോബാര്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം പാക് അധികൃതര്‍ പൂര്‍ണമായും തള്ളി. ഇത് തികച്ചും അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന വാര്‍ത്തകള്‍.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെയും സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനം വളരെ സുഗമമായാണ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സന്ദര്‍ശന വേളയില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെയോ അമേരിക്കയുടെയോ സുരക്ഷാ സംഘങ്ങള്‍ യാതൊരു വിധത്തിലുള്ള ആശങ്കകളും പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല താമസ സ്ഥലത്തടക്കം പ്രധാനമന്ത്രിയുടെയും കരസേനാ മേധാവിയുടെയും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നതായും പാക് അധികൃതര്‍ അറിയിച്ചു.