ദുക്റാന തിരുനാളിന് പൊതു അവധി പ്രഖ്യാപിക്കണം: കെസിവൈഎം‌‌‌

ദുക്റാന തിരുനാളിന് പൊതു അവധി പ്രഖ്യാപിക്കണം: കെസിവൈഎം‌‌‌

തലശേരി: വിശുദ്ധ തോമാ ശ്ലീഹായുടെ ഓർമദിനമായ ദുക്റാന തിരുനാൾ ദിനത്തിൽ (ജൂലൈ മൂന്ന്) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി സീറോ മലബാർ വിശ്വാസികൾ അതീവ ഭക്തിപൂർവം ആചരിച്ചുവരുന്ന ഈ ദിനം മതപരമായ പ്രാധാന്യത്തിനപ്പുറം കേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിന്റെ ഭാഗമാണെന്ന് സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ലക്ഷക്കണക്കിന് വിശ്വാസികൾ ഈ ദിനത്തിൽ ദേവാലയങ്ങളിലെ തിരുക്കർമങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകളിലും പങ്കെടുക്കുന്നതിനാൽ ജൂലൈ മൂന്നിന് സ്‌കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകുന്നത് മതസ്വാതന്ത്ര്യത്തെയും വിശ്വാസികളുടെ വികാരങ്ങളെയും മാനിക്കുന്ന നടപടിയായിരിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.

വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷവത്കരണ ദൗത്യവും, വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളും കണക്കിലെടുത്ത് ഓർമദിനത്തിന് അർഹമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർക്ക് ഇമെയിൽ മുഖേന നിവേദനം നൽകിയതായും സമിതി അറിയിച്ചു.

അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി ജിസ്മോൻ കുരിക്കാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ് എസ്.എച്ച് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.