ഇറനില്‍ വീണ്ടും യു.എസ് വ്യോമാക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍

ഇറനില്‍ വീണ്ടും യു.എസ് വ്യോമാക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍

വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുള്ള മറുപടിയായാണ് യു.എസ് ആക്രമണം

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. വെള്ളിയാഴ്ചയാണ് ഇറാന്റെ മിസൈല്‍-ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാര്‍ സംവിധാനങ്ങളും ലക്ഷ്യമിട്ട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രത്യാക്രമണം നടത്തിയത്.

കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച താല്‍കാലിക വെടിനിര്‍ത്തല്‍ കരാറിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. ഹോര്‍മുസ് കടലിടുക്കിലൂടെ ഒമാന്‍ തീരത്തേക്ക് നീങ്ങുകയായിരുന്ന എം.വി എവര്‍ ലൗലി എന്ന സിങ്കപ്പൂര്‍ പതാക ഘടിപ്പിച്ച ഭീമന്‍ ചരക്കുകപ്പലിന് നേരെ വ്യാഴാഴ്ചയാണ് ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്. തായ്‌വാന്‍ കമ്പനിയായ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ഈ കപ്പലിന് നേരെ ഇറാന്‍ നാല് ഡ്രോണുകള്‍ തൊടുത്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഇതില്‍ ഒരു ഡ്രോണ്‍ കപ്പലിന്റെ ബ്രിഡ്ജില്‍ പതിച്ച് കേടുപാടുകളുണ്ടായെന്നും മറ്റ് മൂന്നെണ്ണം തകര്‍ത്തതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ഈ നടപടി വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. തങ്ങള്‍ നിശ്ചയിച്ച പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകളുടെ സുരക്ഷയ്ക്ക് ഉത്തരവാദികളല്ലെന്ന ഇറാന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. അന്താരാഷ്ട്ര കപ്പലുകള്‍ ഒമാന്‍ തീരത്തോട് ചേര്‍ന്നുള്ള ബദല്‍ പാത ഉപയോഗിക്കുന്നത് തടയാന്‍ ഇറാന്‍ ശ്രമിക്കുന്നതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം.

ഇതേതുടര്‍ന്ന് യുഎന്നിന്റെ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ആരംഭിച്ച പ്രത്യേക നാവിക ഇടനാഴി താല്‍കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കാതെ സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് ഐ.എം.ഒ വ്യക്തമാക്കി.

അതേസമയം തങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും ഹോര്‍മുസ് കടലിടുക്കിലെ നിയമങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കമ്മീഷന്‍ മേധാവി ഇബ്രാഹിം അസീസി പ്രതികരിച്ചത്. ഇത് കരാര്‍ ലംഘനമല്ല മറിച്ച് വെടിനിര്‍ത്തല്‍ മാനേജ്‌മെന്റ് ആണെന്നും ഇറാന്‍ അവകാശപ്പെട്ടു.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഒമാന്‍ വഴി ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവിലുണ്ടെങ്കിലും പുതിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള ചരക്ക് നീക്കത്തെയും വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ആക്രമണ വാര്‍ത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.