ദുബായ്: യുഎഇയിലെ താമസക്കാരുടെ മൊബൈല്‍ ഫോണുകളില്‍ അടിയന്തര മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് ആശങ്ക പരത്തി. എന്നാല്‍ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് തെറ്റായ സന്ദേശത്തിന് കാരണമായതെന്നും രാജ്യം പൂര്‍ണമായും സുരക്ഷിതമാണെന്നും ഔദ്യോഗികമായി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്.
വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5:15 നാണ് ദുബായ്, അബുദാബി ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ജനങ്ങളുടെ ഫോണുകളിലേക്ക് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സുരക്ഷാ അലേര്‍ട്ട് എത്തിയത്. സൈറണ്‍ ശബ്ദത്തോടെയെത്തിയ സന്ദേശത്തില്‍ എത്രയും വേഗം അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും ജനലുകളില്‍ നിന്നും വാതിലുകളില്‍ നിന്നും മാറിനില്‍ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി മേഖലയില്‍ നിലനില്‍ക്കുന്ന ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സന്ദേശം ജനങ്ങളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
സന്ദേശം വന്ന് മിനിറ്റുകള്‍ക്കകം തന്നെ മുന്നറിയിപ്പ് അവഗണിക്കുക എന്ന തിരുത്തുമായി അടുത്ത സന്ദേശമെത്തി. തുടര്‍ന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവന്നു. മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് തെറ്റായ സന്ദേശം അയക്കാന്‍ ഇടയാക്കിയത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിദഗ്ധ സംഘം ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും അപ്രതീക്ഷിതമായുണ്ടായ ഈ തകരാറില്‍ അതോറിറ്റി ജനങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നതായും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒമാന്‍ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് യുഎഇയില്‍ ഈ അടിയന്തര സന്ദേശം എത്തിയത് എന്നത് ആശങ്കയുടെ ആക്കം കൂട്ടി.
സംഭവത്തിന് പിന്നാലെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ ഫോണില്‍ സംസാരിച്ചതായും യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുഎഇയിലെ ജനജീവിതവും വിമാന സര്‍വീസുകളും പൂര്‍ണമായും സാധാരണ നിലയിലാണ്. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.