വിവാദമായി അവസാന നിമിഷത്തെ ബാര്‍ ലൈസന്‍സുകള്‍; അതിവേഗ ഫയല്‍ നീക്കത്തില്‍ അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍

വിവാദമായി അവസാന നിമിഷത്തെ ബാര്‍ ലൈസന്‍സുകള്‍; അതിവേഗ ഫയല്‍ നീക്കത്തില്‍ അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ സംസ്ഥാനത്ത് വന്‍ തോതില്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അന്വേഷണത്തിനൊരുങ്ങി പുതിയ യുഡിഎഫ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള രണ്ടര മാസത്തിനുള്ളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 22 പുതിയ ബാറുകള്‍ക്ക് അതിവേഗം പ്രവര്‍ത്തനാനുമതി നല്‍കിയത്.

ജനുവരിയില്‍ ഒന്‍പതും ഫെബ്രുവരിയില്‍ മൂന്നും മാര്‍ച്ചില്‍ പത്തും ബാറുകള്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയത്. ഇതിനു പുറമേ ഫെബ്രുവരി മാസത്തില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ച് രാത്രി 12 വരെ ആക്കാനും മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ വിവാദ തീരുമാനങ്ങളെല്ലാം പുതിയ സര്‍ക്കാര്‍ ഇപ്പോള്‍ പുനപരിശോധിക്കുകയാണ്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വെറും 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 903 ല്‍ എത്തി നില്‍ക്കുന്നത്. പൊതുമേഖലാ മദ്യശാലകളുടെ എണ്ണം കൂട്ടാതെ, സ്വകാര്യ ബാറുകള്‍ക്ക് ഉദാരമായി ലൈസന്‍സ് നല്‍കുന്നത് പ്രോത്സാഹിപ്പിച്ചതിലൂടെ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് പുതിയ സര്‍ക്കാരിന്റെ ആക്ഷേപം.

ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 ല്‍ നിന്ന് 12 വരെയാക്കി നീട്ടിയ മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് തിരുത്താനും ആലോചനയുണ്ട്. സമയ മാറ്റം കാരണം തങ്ങള്‍ക്ക് ജോലി ഭാരവും യാത്രാ ക്ലേശവും വര്‍ധിച്ചതായി കാണിച്ച് ബാര്‍ ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ പരാതി കൂടി പരിഗണിച്ചാവും സമയക്രമത്തിലെ പുനപരിശോധന.

നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മുന്‍പ് ഫയലുകള്‍ തീര്‍പ്പാക്കിയതെന്നാണ് എല്‍ഡിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നതെങ്കിലും ഫയല്‍ നീക്കങ്ങളിലെ അസ്വാഭാവികമായ വേഗതയും സാമ്പത്തിക സ്രോതസുകളും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാനാണ് വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.