തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മലപ്പുറത്ത് അഞ്ചും കോഴിക്കോട്ട് നാലും വയനാട്ടില്‍ ഒന്നും വീതം രോഗബാധയാണ് സ്ഥിരീകരിച്ചത്. ഇതോടെ ജൂണ്‍ മാസത്തില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 190 ആയി. ഈ വര്‍ഷം ഇതുവരെ ആകെ 266 പേര്‍ക്കാണ് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവില്‍ കോഴിക്കോട് (65), വയനാട് (26), തൃശൂര്‍ (13), ആലപ്പുഴ (5) എന്നി നാല് ജില്ലകളില്‍ രോഗവ്യാപനം പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (30), തിരുവനന്തപുരം (18), കൊല്ലം (12), കണ്ണൂര്‍ (11), എറണാകുളം (4), ഇടുക്കി (3), പാലക്കാട് (3) എന്നി ജില്ലകളിലും ജൂണ്‍ മാസത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഇതുവരെ ആറ് മരണങ്ങളാണ് ഷിഗെല്ല മൂലമുണ്ടായതെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ശക്തമായ ജാഗ്രത തുടരണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മലിന ജലത്തിലൂടെയും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ പ്രധാനമായും പകരുന്നത്.