ഗാസയിൽ സമാധാന സന്ദേശവുമായി കത്തോലിക്കാ-ഓർത്തഡോക്സ് പരമാധ്യക്ഷന്മാർ; പ്രത്യാശയുടെ പുതുനാമ്പുകളുമായി കുട്ടികളുടെ ബിരുദദാനച്ചടങ്ങ്

ഗാസയിൽ സമാധാന സന്ദേശവുമായി കത്തോലിക്കാ-ഓർത്തഡോക്സ് പരമാധ്യക്ഷന്മാർ; പ്രത്യാശയുടെ പുതുനാമ്പുകളുമായി കുട്ടികളുടെ ബിരുദദാനച്ചടങ്ങ്

ഗാസ: യുദ്ധക്കെടുതികളിൽ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് കത്തോലിക്കാ-ഓർത്തഡോക്സ് സഭാ അധ്യക്ഷന്മാരുടെ സംയുക്ത സന്ദർശനം. ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമൻ എന്നിവരാണ് സന്ദർശനത്തിനായി ഗാസയിലെത്തിയത്.

ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള ഒരു കിന്റർഗാർട്ടനിലെ 24 കുട്ടികളുടെ ബിരുദദാന ചടങ്ങിൽ ഇരുവരും പങ്കെടുത്തു. "ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കുഞ്ഞുങ്ങൾക്ക് ജീവിതത്തിന്റെ സൗന്ദര്യം വീണ്ടും അനുഭവിക്കാൻ സാധിക്കണം. ഗാസ എന്നാൽ യുദ്ധം മാത്രമല്ല, സ്നേഹവും ജീവിതത്തോടുള്ള ആഗ്രഹവും കൂടിയാണ്," കർദിനാൾ പിസബല്ല വൈകാരികമായി പ്രതികരിച്ചു.

പ്രാർഥനകൾക്കും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്കും പ്രാധാന്യം നൽകിയ സന്ദർശനത്തിൽ ഓർഡർ ഓഫ് മാൾട്ടയുമായി സഹകരിച്ച് ആരംഭിച്ച പുതിയ ആരോഗ്യ ക്ലിനിക്കും നേതാക്കൾ ആശീർവദിച്ചു. തകർന്നടിഞ്ഞ ഗാസയിലെ ആരോഗ്യ മേഖലയ്ക്ക് വലിയൊരു ആശ്വാസമാകും ഈ ക്ലിനിക്ക്.

തുടർന്ന് അൽ–അസ്ഹർ സർവകലാശാല സന്ദർശിച്ച കർദിനാൾ വിദ്യാർഥികളുമായി മതസൗഹാർദത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംവദിച്ചു. "ബോംബാക്രമണത്തേക്കാൾ അപകടകരമാണ് പരസ്പരമുള്ള വെറുപ്പ്. ഗാസയെ പുനർനിർമ്മിക്കേണ്ടത് ഇവിടുത്തെ യുവജനങ്ങളാണ്," കർദിനാൾ പിസബല്ല ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.