കൊച്ചി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായില്ല.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ലഭിച്ച ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസയച്ചത്.
യൂണിടാക് എംഡിയായ സന്തോഷ് ഈപ്പനാണ് സ്വപ്നക്ക് ഐഫോണുകൾ നൽകിയത്. ഏതാണ്ട് 1.13 ലക്ഷമാണ് ഈ ഫോണിന്റെ വില. വിനോദിനി ഹാജരാവാത്ത പശ്ചാത്തലത്തിൽ വീണ്ടും നോട്ടീസ് അയക്കാൻ കസ്റ്റംസ് തീരുമാനിച്ചു.
അതേസമയം, സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.