ആലപ്പുഴ: മാവേലിക്കരയില്‍ വയോധികയ്ക്ക് ഹോം നേഴ്സിന്റെ ക്രൂര മര്‍ദനം. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു.
ഡൈനിങ്ങ് ഹാളില്‍ വെച്ച് മലമൂത്ര വിസര്‍ജനം നടത്തിയതിനാണ് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയും ഹോം നേഴ്സ് ഉപദ്രവിച്ചത്. എന്നാല്‍ വീണ് പരിക്ക് പറ്റിയെന്നാണ് ഹോം നേഴ്സ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.

എന്നാൽ സംഭവത്തിൽ സംശയം തോന്നി വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 20 ന് നടന്ന മര്‍ദനം പുറത്തറിഞ്ഞത്. ഫിലോമിന കമ്പുകൊണ്ട് മാലിന്യമെടുത്ത് വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഹോം നേഴ്സ് കട്ടപ്പന ചെമ്പനാൽ സ്വദേശി ഫിലോമിന(55)യെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.