വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക്. ഇനി വെറും ഒരു ശതമാനം ചര്‍ച്ചകള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളതെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. വാഷിങ്ടണില്‍ നടന്ന യു.എസ്-ഇന്ത്യ സ്ട്രാറ്റെജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഏകദേശം 18 മാസമായി ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന ചര്‍ച്ചകള്‍ ഉടന്‍ തന്നെ ശുഭ പര്യവസാനിയിലെത്തുമെന്ന ആത്മവിശ്വാസവും അദേഹം പ്രകടിപ്പിച്ചു. വ്യാപാര കരാറിന്റെ ഭൂരിഭാഗം ജോലികളും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ഇരുഭാഗത്ത് നിന്നും ചില ചെറിയ കാര്യങ്ങളില്‍ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. നിലവില്‍ കരാര്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇരു രാജ്യങ്ങള്‍ക്കും പരമാവധി ഗുണകരമാകുന്ന രീതിയില്‍ ഈ കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.
ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അംബാസഡര്‍ മറുപടി നല്‍കി. കഴിഞ്ഞ 20 വര്‍ഷത്തെ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ ഒന്നര വര്‍ഷത്തെ ചര്‍ച്ചാ പ്രക്രിയ സ്വാഭാവികം മാത്രമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ വ്യാപാര കരാറുകളേക്കാള്‍ വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ കെട്ടുറപ്പാണ് ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിന് കൂടുതല്‍ കരുത്ത് പകരുന്നതെന്ന് അംബാസഡര്‍ ഓര്‍മ്മിപ്പിച്ചു. തന്റെ മുന്‍പത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ മനോഹരമായ ഓര്‍മ്മകള്‍ ട്രംപ് ഇപ്പോഴും പങ്കുവെക്കാറുണ്ടെന്നും, ട്രംപിന്റെ ഏറ്റവും ശ്രദ്ധേയമായ വിദേശ സന്ദര്‍ശനങ്ങളിലൊന്നായാണ് അദേഹം അതിനെ കാണുന്നതെന്നും ഗോര്‍ പറഞ്ഞു. യു എസ് പ്രസിഡന്റിന്റെ അടുത്ത ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രധാനമായ ക്വാഡ് സഖ്യത്തിലെ അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഫിലിപ്പീന്‍സില്‍ യോഗം ചേരുമെന്ന പ്രധാന വിവരവും സെര്‍ജിയോ ഗോര്‍ പങ്കുവെച്ചു.