ദുബായ്: യുഎഇയുടെ യാത്രാ ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് രാജ്യത്ത് ഔദ്യോഗിക തുടക്കമായി. യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയുടെ ആദ്യഘട്ട പാസഞ്ചര്‍ സര്‍വീസ് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനില്‍ നിന്നും ഫുജൈറയിലെ അല്‍ ഹിലാല്‍ സിറ്റി സ്റ്റേഷനിലേക്കാണ് യാത്ര ആരംഭിച്ചത്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന ട്രെയിന്‍ കേവലം ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ഇരു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കും. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയിലെ അത്യാധുനിക പാസഞ്ചര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് യുഎഇ കാത്തിരുന്ന ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായത്. യുഎഇയുടെ ഈ ചരിത്ര മുന്നേറ്റത്തില്‍ മലയാളി തിളക്കമായി, ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ നിഷാദ് ചുമതലയേറ്റത് പ്രവാസി സമൂഹത്തിനും അഭിമാന നിമിഷമായി.
ആദ്യ ഘട്ടത്തില്‍ അബുദാബി-ഫുജൈറ റൂട്ടിലാണ് സര്‍വീസ് എങ്കില്‍ വരും മാസങ്ങളില്‍ രാജ്യം മുഴുവന്‍ ഈ വെള്ളിപ്പാതയിലൂടെ ഒന്നിക്കും. പ്രഖ്യാപിച്ച ടൈംടേബിള്‍ പ്രകാരം സെപ്റ്റംബര്‍ 30 ഓടെ ദുബായ് (ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്), ഷാര്‍ജയിലെ അല്‍ ദൈദ് സ്റ്റേഷനുകള്‍ തുറക്കും. ഡിസംബര്‍ 30 ന് അല്‍ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും 2027 മാര്‍ച്ച് 30 ഓടെ ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റി സ്റ്റേഷന്‍ കൂടി തുറക്കുന്നതോടെ ശൃംഖല പൂര്‍ണമാകും. അബുദാബി-ഫുജൈറ റൂട്ടില്‍ പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായി ഇക്കോണമി ക്ലാസിന് 55 ദിര്‍ഹവും, പ്രീമിയം ക്ലാസിന് 120 ദിര്‍ഹവുമാണ് പ്രാരംഭ നിരക്ക്. ഇത്തിഹാദ് റെയിലിന്റെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ഒരു സമയം 400 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് കാഫ് കമ്പനി നിര്‍മിച്ച അത്യാധുനിക ട്രെയിനുകള്‍. യാത്രക്കാര്‍ക്ക് മികച്ച ലെഗ് റൂം, സൗജന്യ വൈഫൈ, എല്ലാ സീറ്റുകളിലും ചാര്‍ജിങ് പോര്‍ട്ടുകള്‍, ഫോള്‍ഡ്-ഔണ്‍ ടേബിളുകള്‍ എന്നിവ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.
സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഈ റെയില്‍ ശൃംഖല യുഎഇയിലെ എമിറേറ്റുകള്‍ തമ്മിലുള്ള റോഡ് മാര്‍ഗമുള്ള യാത്രാ സമയം 30 മുതല്‍ 40 ശതമാനം വരെ കുറയ്ക്കും. രാജ്യത്തിന്റെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകള്‍ക്ക് വന്‍ കുതിപ്പേകുന്നതാണ് ഈ പദ്ധതിയെന്ന് ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.