വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്ന ജന്മാവാകാശ പൗരത്വ ആനുകൂല്യം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവ് യു.എസ് സുപ്രീം കോടതി റദ്ദാക്കി. ഒന്‍പതംഗ ബെഞ്ചില്‍ 6-3 ഭൂരിപക്ഷത്തിനാണ് കോടതി ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയേകി ചരിത്രവിധി പ്രസ്താവിച്ചത്.
അനധികൃത കുടിയേറ്റക്കാരുടെയോ താല്‍കാലിക വിസകളില്‍ യു.എസില്‍ താമസിക്കുന്നവരുടെയോ കുട്ടികള്‍ക്ക് ജന്മാവാകാശ പൗരത്വത്തിന് അര്‍ഹതയുണ്ടാവില്ലെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്. ഇതാണ് സുപ്രീം കോടതി ഇപ്പോള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞത്. ട്രംപിന്റെ ഉത്തരവ് യു.എസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ആഭ്യന്തര യുദ്ധത്തിന് ശേഷം 1868 ല്‍ നിലവില്‍ വന്ന 14-ാം ഭേദഗതി പ്രകാരം, അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏതൊരു വ്യക്തിക്കും പദവി നോക്കാതെ സ്വയമേവ പൗരത്വത്തിന് അവകാശമുണ്ട്. 150 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ഭരണഘടനാ തത്വത്തെ അട്ടിമറിക്കാന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ആകില്ലെന്ന് കോടതി വ്യക്തമാക്കി. മുന്‍പ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്. വോങ് കിം ആര്‍ക്ക് (1898) കേസിലെ ചരിത്രപരമായ വിധിയും കോടതി ഈ ഘട്ടത്തില്‍ വ്യക്തമാക്കി.
അന്ന് മുതല്‍ ഇന്നുവരെ, നമ്മുടെ രാഷ്ട്രീയ സമൂഹത്തില്‍ അവകാശങ്ങള്‍ നേടാനും സ്വതന്ത്രമായി പങ്കാളികളാകാനുമുള്ള പ്രവേശന കവാടമായിരുന്നു പൗരത്വം. പതിനാലാം ഭേദഗതിയുടെ രൂപകര്‍ത്താക്കള്‍ ഈ മണ്ണില്‍ ജനിച്ച ഓരോ വ്യക്തിക്കും ആ വാഗ്ദാനം വിപുലീകരിച്ചു. ആ വാഗ്ദാനം നമ്മള്‍ ഇന്ന് കാത്തുസൂക്ഷിക്കുന്നുവെന്ന് യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ്.
2025 ജനുവരിയില്‍ രണ്ടാം തവണ അധികാരമേറ്റ ഉടന്‍ തന്നെ ട്രംപ് ഒപ്പുവെച്ച പ്രധാന എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റവും ബര്‍ത്ത് ടൂറിസവും തടയാനാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് എഴുതിയ ഭൂരിപക്ഷ വിധിന്യായത്തോട് കണ്‍സര്‍വേറ്റീവ് ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ബ്രെറ്റ് കാവനയും ലിബറല്‍ ജഡ്ജിമാരും യോജിച്ചപ്പോള്‍, ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, നീല്‍ ഗോര്‍സച്ച് എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
അമേരിക്കയിലെ ദശലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ സമൂഹങ്ങള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ ഈ പുതിയ വിധി.