ടെല്‍ അവീവ്: ഇസ്രയേലിന് നിരന്തര ഭീഷണി സൃഷ്ടിക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബുള്ള തുടരുന്നിടത്തോളം കാലം തെക്കന്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
തെക്കന്‍ ലബനനിലെ ഇസ്രയേല്‍ സുരക്ഷാ മേഖലയില്‍ സൈനികരെ സന്ദര്‍ശിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ സുരക്ഷക്കോ സൈനികരുടെ ജീവനോ ഭീഷണിയുണ്ടായാല്‍ ഉടന്‍ തിരിച്ചടിക്കണമെന്നും സൈനികര്‍ക്ക് നെതന്യാഹു നിര്‍ദേശം നല്‍കി.
ഇസ്രയേലും ലബനനും പരസ്പരം അംഗീകരിക്കുന്ന രണ്ട് പരമാധികാര രാഷ്ട്രങ്ങളാണെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും അദേഹം പറഞ്ഞു. ഇറാനും ഹിസ്ബുള്ളയും ഈ പ്രദേശത്തു നിന്ന് മാറിനില്‍ക്കണം. ഭീഷണി പൂര്‍ണമായും ഇല്ലാതാകും വരെ സൈന്യം തെക്കന്‍ ലബനനില്‍ തുടരുമെന്നും അദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ 9,000 പേര്‍ കൊല്ലപ്പെട്ടെന്നും 1,50,000 ഉണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ 92 ശതമാനവും നശിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
ലബനനില്‍ ഹിസ്ബുള്ളയെ നിരായുധരാക്കാതെ പിന്നോട്ടില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലബനന്‍ സൈന്യം ഹിസ്ബുള്ളക്കെതിരെ പെട്ടെന്ന് ശക്തമായി പ്രതികരിക്കുമെന്ന് കരുതുന്നില്ലെന്നും അതിനാല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിധ്യം ദീര്‍ഘകാലത്തേക്ക് നീളുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ലബനനിലുള്ള യു.എന്‍ ഇടക്കാല സേനയുടെ കാലാവധി ഈ വര്‍ഷത്തോടെ അവസാനിക്കും. തുടര്‍ന്ന് 5,000 സൈനികരും 500 നിരീക്ഷകരുമടങ്ങുന്ന മറ്റൊരു സേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ഫ്രാന്‍സും രംഗത്തുണ്ട്.