കൊച്ചി: ട്രോളിങ് നിരോധനവും പച്ചക്കറി വിലക്കയറ്റവും മൂലം വലയുന്ന ജനങ്ങള്‍ക്ക് മേല്‍ അധികഭാരമായി ബീഫ് വിലയും കുതിച്ചുയരുന്നു. ബീഫ് വില കിലോയ്ക്ക് 60 രൂപ മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കാന്‍ ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
കന്നുകാലികളുടെ ലഭ്യതക്കുറവും വില വര്‍ധനവുമാണ് വിപണിയില്‍ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ എല്ലുള്ള ബീഫിന്റെ വില കിലോയ്ക്ക് 340 രൂപയില്‍ നിന്ന് 400 രൂപയായും എല്ലില്ലാത്ത ഇറച്ചിയുടെ വില 360 രൂപയില്‍ നിന്ന് 460 രൂപയായും ഉയരും. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് അനിയന്ത്രിതമായി വില കൂടിയതാണ് ഈ പെട്ടെന്നുള്ള വില വര്‍ധനവിന് പ്രധാന കാരണം. ഇതിനുപുറമേ കശാപ്പ് മേഖലയിലെ പ്രധാന ഉപോല്‍പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയുടെ വിപണിയിലുണ്ടായ വന്‍ വിലയിടിവ് കച്ചവടക്കാരെ വലിയ പ്രതിസന്ധിയിലാക്കിയതും വില കൂട്ടാന്‍ കാരണമായി അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.
മത്സ്യബന്ധന നിരോധനവും മഴയും കാരണം കടല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ മീന്‍ വിലയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഉയര്‍ന്നിരിക്കുകയാണ്. മുന്‍പ് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന മത്തിക്ക് ഇപ്പോള്‍ 200 രൂപയും അയക്കൂറയ്ക്ക് 1400 രൂപ വരെയുമാണ് വിപണിയിലെ ഇപ്പോഴത്തെ നിരക്ക്.
കോഴിയിറച്ചി വില കിലോയ്ക്ക് 250 രൂപയില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍, ബീഫിന് കൂടി വില കൂടുന്നത് സാധാരണക്കാരുടെ നിത്യജീവിതത്തെയും കുടുംബ ബഡ്ജറ്റിനെയും സാരമായി ബാധിക്കും.