ന്യൂഡല്‍ഹി: ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകും.
രാജ്യത്തെ സായുധ സേന കൂടുതല്‍ കരുത്തു പകരുന്നതിനും സൈന്യത്തിന്റെ നവീകരണത്തിനുമായി സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അതിര്‍ത്തികളിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനായി കരസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി മുന്‍ഗണന നല്‍കുക. വ്യോമ പ്രതിരോധം, ആയുധങ്ങളുടെ ദീര്‍ഘദൂര കൃത്യത, ദ്രുത വിന്യാസ ശേഷി എന്നിവ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും.
ഇന്ത്യയില്‍ നിര്‍മിച്ച കെ 9 വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ആര്‍ട്ടിലറി ഗണ്ണുകളുടെ അധിക സംഭരണം യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. 155 എംഎം ട്രാക്ക്ഡ് ഹോവിറ്റ്‌സറുകളായ ഇവ ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലയിലെ മരുഭൂമികളിലും അനുയോജ്യമാണ്.
ആധുനിക യുദ്ധമുറകളില്‍ നിര്‍ണായകമായ കാമികാസെ ഡ്രോണുകള്‍ വാങ്ങാനുള്ള നിര്‍ദേശം കൗണ്‍സില്‍ പരിശോധിക്കും. നിശ്ചിത സമയത്തിനുള്ളില്‍ ശത്രുക്കളുടെ താവളം കൃത്യതയോടെ കണ്ടെത്തി തകര്‍ക്കാന്‍ കഴിവുള്ള ലോയിറ്ററിങ് മ്യൂണിഷനുകളാണ് ഇവ. കുറഞ്ഞ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ഡ്രോണുകളെയും നേരിടാന്‍ ശേഷിയുള്ള വെര്‍ബ മാന്‍-പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ വാങ്ങാനും പദ്ധതിയുണ്ട്.
ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആക്റ്റീവ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഘടിപ്പിക്കാനുള്ള നിര്‍ദേശവും യോഗം പരിശോധിക്കും. സെന്‍സറുകള്‍ ഉപയോഗിച്ച് ശത്രുക്കളുടെ മിസൈലുകളെയും റോക്കറ്റ് ആക്രമണങ്ങളെയും മുന്‍കൂട്ടി കണ്ടെത്തി നശിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കാനും ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനും ഇവ സേനയെ കൂടുതല്‍ പ്രാപ്തമാക്കും.