കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ദുരന്ത ഭൂമിയിൽ നിന്ന് പ്രതീക്ഷയുടെയും അത്ഭുതത്തിന്റെയും വാർത്ത. തകർന്നു വീണ ഏഴ് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ടു ദിവസത്തോളം കുടുങ്ങിക്കിടന്ന 43-കാരൻ ഹെർനാൻ ഗില്ലിനെ രക്ഷാപ്രവർത്തകർ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു.
ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലയായ ‘കാറ്റിയ ല മാറിൽ’ ജോലി ചെയ്തിരുന്ന ഗിൽ, തകർന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിലെ സുരക്ഷാ ക്യാബിനിലായിരുന്നു ഉണ്ടായിരുന്നത്. മൂന്നുദിവസം മുമ്പ് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ വൻതോതിലുള്ള രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. വെനസ്വേലയ്ക്ക് പുറമെ ചിലി, യുഎസ്, പോർച്ചുഗൽ, കോസ്റ്ററിക്ക, എൽ സാവദോർ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ദൗത്യത്തിൽ പങ്കുചേർന്നു.
മൂന്ന് മീറ്ററോളം നീളമുള്ള തുരങ്കം നിർമിച്ചാണ് രക്ഷാപ്രവർത്തകർ ഗില്ലിന് ഓക്സിജനും വെള്ളവും എത്തിച്ചു നൽകിയത്. തന്റെ ഭർത്താവിനെ ജീവനോടെ തിരിച്ചുകിട്ടണമെന്ന ഭാര്യ ഗുസ്ബിമർ ഗോൺസാലസിന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾക്ക് ഫലം കണ്ടു.
വെനസ്വേലയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പത്തിൽ ഏകദേശം 60,000 കെട്ടിടങ്ങളാണ് തകർന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2,295 പേർ മരണപ്പെടുകയും 11,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 13,000-ത്തോളം പേർക്ക് വീടുകൾ പൂർണമായി നഷ്ടമായി. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും പലരെയും കാണാനില്ലാത്തതിനാൽ മരണസംഖ്യ 5,000 കടക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഹെർനാൻ ഗില്ലിനെ കൂടാതെ കഴിഞ്ഞ ദിവസം മൂന്ന് വയസ്സുകാരൻ മൊറാനെയും രക്ഷാപ്രവർത്തകർ ആറുദിവസത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ കണ്ടെത്തിയിരുന്നു. ഈ അത്ഭുതങ്ങൾ ദുരന്തഭൂമിയിലെ ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് പകരുന്നത്.