ദുബായ്: മധ്യപൂർവ്വേഷ്യയിൽ നിലനിന്നിരുന്ന യുദ്ധ സാഹചര്യത്തെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഇതേത്തുടർന്ന് ദുബായിലെ രണ്ട് പ്രധാന കത്തോലിക്കാ ദേവാലയങ്ങൾ മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൂർണമായും പ്രവർത്തനം ആരംഭിച്ചു. ഇവിടുത്തെ പതിനായിരക്കണക്കിന് പ്രവാസി ക്രൈസ്തവർക്ക് സാധാരണ വിശ്വാസ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ്.
ഔദ് മേത്തയിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലും ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പള്ളിയിലുമാണ് പൊതു ആരാധനകൾ പൂർണമായി പുനരാരംഭിച്ചത്. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇടവക സമൂഹങ്ങളിൽ ക്രിസ്തീയ ജീവിതം പൂർണമായി പുനരാരംഭിക്കുന്നതിനായുള്ള സമയം വന്നെത്തിയെന്നും നിയന്ത്രണങ്ങൾ നീക്കിയ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും ബിഷപ്പ് പൗലോ മാർട്ടിനെല്ലി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധ ചെലുത്തിയ അധികാരികൾക്ക് അദേഹം നന്ദി അറിയിച്ചു. സിവിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് പരസ്പര ബഹുമാനവും കരുതലും നിലനിർത്താൻ വിശ്വാസികളോട് ബിഷപ്പ് അഭ്യർത്ഥിച്ചു.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരം ഈ വർഷം ഏപ്രിലിലെ വിശുദ്ധ വാരത്തിലാണ് പള്ളികളിലെ പൊതു ആരാധനകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. സുരക്ഷാ നിയന്ത്രണങ്ങൾ നീങ്ങിയതോടെ ആരാധനക്രമങ്ങളും മറ്റ് കൂട്ടായ്മകളും പഴയ രീതിയിൽ തന്നെ തുടരും.