കൊച്ചി: മലയാളീ സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ പുതിയ നിയമ പോരാട്ടത്തിലേക്ക് വഴിമാറുന്നു. ഭരണ സമിതിയുടെ കൂട്ട രാജിയെ തുടര്‍ന്ന് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം മുന്‍സിഫ് കോടതി താല്‍കാലിക വിലക്കേര്‍പ്പെടുത്തി.
നടി ശ്വേത മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
സംഘടനയുടെ നിലവിലുള്ള ബൈലോ പ്രകാരം അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശ്വേത മേനോന്‍ കോടതിയെ സമീപിച്ചത്. നിയമപരമല്ലാത്ത കമ്മിറ്റിയുടെ പ്രവര്‍ത്തനം അടിയന്തരമായി തടയണമെന്ന ശ്വേതയുടെ വാദം കോടതി
അംഗീകരിക്കുകയായിരുന്നു. ഇതോടെ ജനറല്‍ ബോഡിയില്‍ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥാനം ഒഴിയാതിരുന്ന ശ്വേത മേനോന്‍ നേതൃത്വം നല്‍കുന്ന നിലവിലെ ഭരണ സമിതിക്ക് താല്‍കാലികമായി പ്രവര്‍ത്തനം തുടരാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നാകെ രാജിവെച്ച സാഹചര്യത്തിലാണ് സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ രമേഷ് പിഷാരടി കണ്‍വീനറായുള്ള അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
എന്നാല്‍ ഈ കമ്മിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടിയും ശ്വേത മേനോനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ താന്‍ നിയമ നടപടികളിലേക്ക് കടക്കുകയാണെന്ന് ശ്വേത സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ കോടതിയെ സമീപിക്കുകയും ആയിരുന്നു.