ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി യുഎസ് ഇറാന് ഒരാഴ്ച അവധി കൊടുത്തിട്ടുണ്ടെന്നാണ് പരിഹാസം. അവധി നൽകിയത് തങ്ങൾ നല്ലവരായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്‌മോറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
"ഒറ്റ ദിവസം കൊണ്ട് നമ്മൾ വെനസ്വേലയെ തോൽപ്പിച്ചു. ഇറാനെ മുഴുവനായും തോൽപ്പിച്ചു. അവർ ഒത്തുതീർപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഖൊമേനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഞങ്ങൾ അവർക്ക് ഒരാഴ്ചത്തെ അവധി നൽകി. കാരണം ഞങ്ങൾ വളരെ നല്ലവരാണ്’’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇറാനുമായുള്ള സംഘർഷത്തെ പരാമർശിച്ച ട്രംപ് ഇറാനെതിരെ തങ്ങൾ സ്വീകരിച്ച സൈനിക നടപടികളെ പറ്റിയും പൊതുയോഗത്തിൽ സംസാരിച്ചു.
അതേസമയം ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടെ ഇറാന്‍റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് തുടക്കമായി. ടെഹ്റാനില്‍ നടക്കുന്ന സംസ്കാര ചടങ്ങുകളില്‍ വരും ദിവസങ്ങില്‍ 20 ദശലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
ഇന്നും നാളെയും ഗ്രാൻഡ് മുസല്ലയിൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതികശരീരം വിലാപയാത്രയായി ഷിയാ മുസ്ലീങ്ങളുടെ പുണ്യനഗരമായ ഖോമിലേക്ക് കൊണ്ടുപോകും. ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളില്‍ നടക്കുന്ന മതപരമായ ചടങ്ങുകള്‍ക്കും വിലാപയാത്രക്കും ശേഷം ജൂലൈ ഒമ്പതിന് ജന്മനാടായ മഷ്ഹദിലെ ഇമാം റെസാ മഖ്ബറയില്‍ ഖബറടക്കും.