ബ്രസീൽ: നിശബ്ദതയും പ്രാർഥനയും മാത്രം തളംകെട്ടി നിൽക്കുന്ന വിശുദ്ധമായ സന്ന്യാസിനീ മഠം. പുറംലോകത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് ഏകാന്തതയിൽ ദൈവത്തെ സേവിക്കുന്ന ഒരുകൂട്ടം സമർപ്പിത സഹോദരിമാർ. അവിടെ പെട്ടെന്നൊരു ദിവസം ലോകകപ്പ് ഫുട്ബോൾ ഗാലറിയെ അനുസ്മരിപ്പിക്കുന്ന ആർപ്പുവിളികളും കൈയടികളും ഉയർന്നാൽ? അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ബ്രസീലിലെ ഡൗറാഡോസിലുള്ള ‘സാന്താ മരിയ ഡി ലോസ് ആഞ്ചലസ്’ മഠത്തിൽ സംഭവിച്ചത് അതാണ്.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജപ്പാനെതിരെ ബ്രസീൽ അവസാന നിമിഷം വിജയഗോൾ നേടിയപ്പോൾ ആവേശത്തോടെ തുള്ളിച്ചാടി അത് ആഘോഷിക്കുന്ന സന്ന്യാസിനിമാരുടെ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. 83 ലക്ഷത്തിലധികം പേരാണ് ഈ നിഷ്‌കളങ്കമായ ആഘോഷം ഇതിനകം കണ്ടുകഴിഞ്ഞത്.
അസീസിയിലെ വിശുദ്ധ ക്ലാരയുടെ പാത പിന്തുടരുന്ന ‘പുവർ ക്ലാര’സഭാംഗങ്ങളാണ് ഈ ഫുട്ബോൾ ആവേശത്തിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കായിക പ്രേമികളുടെ മനംകവർന്നത്. കർശനമായ ദിനചര്യകൾക്കിടയിൽ ലഭിച്ച ആ ചെറിയ നിമിഷത്തിൽ ടിവിയുടെ മുന്നിലിരുന്ന് ആർത്തുവിളിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്യുന്ന സിസ്റ്റർമാരുടെ വീഡിയോ കത്തോലിക്കാ സന്യാസത്തെക്കുറിച്ചുള്ള പലരുടെയും പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്. ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഈ മനോഹരമായ ദൃശ്യങ്ങൾക്ക് ലൈക്ക് നൽകിയിരിക്കുന്നത്.
ഈ ഫുട്ബോൾ ആഘോഷം കേവലം ഒരു കളിയുടെ ജയപരാജയങ്ങൾക്ക് അപ്പുറമാണെന്ന് മഠം സുപ്പീരിയർ മദർ റഫായേല പറയുന്നു. “മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് അച്ചടക്കത്തിന്റെയും സഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും വലിയ മൂല്യങ്ങളാണ് കായികരംഗം മുന്നോട്ട് വയ്ക്കുന്നത്,” അവർ ഓർമ്മിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളെ സ്നേഹിച്ച പുതിയ ഫോളോവേഴ്സിനായി അവർ നൽകിയ മറുപടി ഏതൊരു ഫുട്ബോൾ ആരാധകന്റെയും മനസ് നിറയ്ക്കുന്നതാണ്: “ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുണ്ട്; ഞായറാഴ്ച ബ്രസീലിന്റെ മത്സരം കാണാൻ ഞങ്ങൾ വീണ്ടും ഒരുമിച്ചിരിക്കും.”
വലിയ കോലാഹലങ്ങൾക്കിടയിലും ചെറിയ കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങളെ എങ്ങനെ ആസ്വദിക്കാമെന്ന് ഈ ധ്യാനാത്മക സമൂഹം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. ദേവാലയത്തിലെ പ്രാർഥനയ്ക്കൊപ്പം മൈതാനത്തെ ആവേശത്തെയും നെഞ്ചിലേറ്റുന്ന ഈ സഹോദരിമാർ ഇപ്പോൾ ഫുട്ബോൾ ലോകത്തിന്റെ പ്രിയപ്പെട്ടവരായി മാറിയിരിക്കുന്നു.