മെല്‍ബണ്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി ജൂലൈ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രേലിയയില്‍ എത്താനിരിക്കെ അദേഹത്തിന് നേരെ ഉയര്‍ന്ന വധഭീഷണി സന്ദേശത്തില്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വംശജര്‍ക്കായി സംഘടിപ്പിക്കുന്ന മെല്‍ബണ്‍ മീറ്റ് മോഡി എന്ന സ്വീകരണ പരിപാടിയുടെ പ്രചാരണത്തിനായി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി കമന്റ് പ്രത്യക്ഷപ്പെട്ടത്.
അബു മുസ്തഫ എന്ന പേരുള്ള അക്കൗണ്ടില്‍ നിന്ന് അറബിയിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചടങ്ങ് നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര അടച്ചിട്ടില്ലെങ്കില്‍ ഓസ്ട്രേലിയയിലേക്ക് വരുന്നത് മോഡിയുടെ മരണത്തിലേക്കായിരിക്കും എന്നാണ് കമന്റിന്റെ ഉള്ളടക്കം.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഓസ്ട്രേലിയന്‍ സുരക്ഷാ ഏജന്‍സികള്‍ വിഷയത്തില്‍ ഇടപെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭീഷണി സന്ദേശം അയക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ഐപി അഡ്രസ് പൊലീസ് ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഐപി വിലാസത്തിന് മുന്‍പ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുമായോ ക്രിമിനല്‍ പശ്ചാത്തലവുമായോ ബന്ധമുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ഭീഷണിക്ക് പിന്നില്‍ കൃത്യമായ മറ്റ് ഗൂഢാലോചനകള്‍ ഉണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
ഒരു രാജ്യത്തിന്റെ ഭരണത്തലവന്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം സുരക്ഷാ വെല്ലുവിളികളെ അതീവ ഗൗരവത്തോടെയാണ് ഓസ്ട്രേലിയന്‍ ഭരണകൂടം കാണുന്നത്. ജൂലൈ എട്ട് മുതല്‍ 10 വരെയുള്ള സന്ദര്‍ശനത്തിനിടയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നരേന്ദ്ര മോഡി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കാര്‍ഷിക, വ്യാപാര മേഖലകളിലെ നിര്‍ണായക കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കാന്‍ ഇരിക്കെയാണ് ഈ സുരക്ഷാ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മെല്‍ബണിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലും ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസും പ്രത്യേക സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വന്‍തോതില്‍ ശക്തമാക്കിയിട്ടുണ്ട്.