മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ (PoK) പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനരോഷം ആളിപ്പടരുന്നു. തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്ന പാക് നിലപാടില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (JAAC) നടത്തുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
മേഖലയില്‍ പാക് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധവും ക്രൂരതകളും തുറന്ന് പറഞ്ഞ് പ്രക്ഷോഭ നേതാവ് സര്‍ദാര്‍ അമന്‍ ഖാന്‍ രംഗത്തെത്തി. ശ്രീനഗര്‍, ജമ്മു, ലഡാക്ക്, പൂഞ്ച്, രജൗരി എന്നിവിടങ്ങളിലെ ഇന്ത്യന്‍ ജനത തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും സഹായം നല്‍കണമെന്നും ഇയാള്‍ വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
പ്രതിഷേധങ്ങളെ നേരിടാന്‍ ജനങ്ങളുടെ ഭക്ഷണവും മരുന്നും പോലും പാക് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അമന്‍ ഖാന്‍ വെളിപ്പെടുത്തി. സമാധാനപരമായി സമരം ചെയ്യുന്ന നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരെ ഇതിനകം സൈന്യം തടവിലാക്കുകയും കടുത്ത തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക, പ്രാദേശിക വിഭവങ്ങളുടെ ചൂഷണം അവസാനിപ്പിക്കുക, രാഷ്ട്രീയ അട്ടിമറികള്‍ക്കായി പാകിസ്ഥാന്‍ ഉപയോഗിക്കുന്ന പ്രത്യേക നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കുക തുടങ്ങി 38 ഇന ആവശ്യങ്ങളാണ് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുവെയ്ക്കുന്നത്.
മേഖലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചും അര്‍ധ സൈനിക വിഭാഗങ്ങളെ വ്യാപകമായി വിന്യസിച്ചും ജനങ്ങളെ നിശബ്ദരാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ നീക്കങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുക മാത്രമാണ് ചെയ്തതെന്ന് മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ ജനറല്‍ എ.കെ. സിവാച്ച് നിരീക്ഷിച്ചു. പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അസ്ഥിരതയും ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഭരണകൂടത്തിന്റെ വിവേചനത്തില്‍ മനംമടുത്ത ജനങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യയുമായുള്ള ലയനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള ആഗോള മനുഷ്യാവകാശ സംഘടനകള്‍ പാകിസ്ഥാന്റെ ഈ കിരാത നടപടികള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിട്ടുണ്ട്.