ടെഹ്‌റാന്‍: ആറ് ദിവസം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മകനും പിന്‍ഗാമിയുമായ മുജ്താബ ഖൊമേനി ചടങ്ങുകളില്‍ സംബന്ധിച്ചില്ല. മറ്റ് നാല് മക്കള്‍ പങ്കെടുത്തു.
ആയത്തുല്ല അലി ഖൊമേനിയുടെ ജന്മനാടായ മഷ്ഹദിലാണ് അവസാനഘട്ട സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇറാനിയന്‍ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെ ഷിയാ മുസ്ലിങ്ങളുടെ പുണ്യ നഗരങ്ങളായ ഇറാഖിലെ കര്‍ബലയും നജാഫും അടക്കമുള്ള സ്ഥലങ്ങളിലൂടെ വിലാപ യാത്രയായി സഞ്ചരിച്ച ശേഷം ഇന്നലെ രാവിലെയാണ് ഖൊമേനിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ മഷ്ഹദില്‍ എത്തിച്ചത്.
മഷ്ഹദില്‍ ഇമാം റെസയുടെ ശവകുടീരത്തോട് ചേര്‍ന്നാണ് അലി ഖൊമേനിക്കും അന്ത്യ വിശ്രമമൊരുക്കിയത്. നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് സംസ്‌കാരം നടന്നത്. എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ വൈകിയതില്‍ അമേരിക്കന്‍ ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കി.
2026 ഫെബ്രുവരി 28 നുണ്ടായ അമേരിക്ക-ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് ഖൊമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെടുന്നത്. ആറ് ദിവസം നീണ്ട സംസ്‌കാര ചടങ്ങിന്റെ ഭാഗമായി നടന്ന വിലാപ യാത്രകളില്‍ ഉടനീളം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു എന്നിവര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.