ചിക്കാഗോ: ഭാരതത്തിന് പുറത്തുള്ള പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന് വര്‍ണാഭമായ തുടക്കം. ജൂലൈ ഒന്‍പത് വൈകുന്നേരം കണ്‍വന്‍ഷന്‍ സെന്ററില്‍, രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് തുടക്കം കുറിച്ചത്.
ചിക്കാഗോ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ജൂബിലി കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വന്‍ഷന്റെ ഓപ്പണിങ് സെറിമണിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചിക്കാഗോ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.

പുനസുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനുള്ള അവസരമാണ് രജതജൂബിലിയെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. അമേരിക്കയിലെ ലത്തീന്‍ രൂപതകളുടെ സഹകരണത്തിന് അദേഹം പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കൊണ്ട് ദൈവമഹത്വത്തിന് വേണ്ടി ചെയ്ത വലിയ കാര്യങ്ങള്‍ക്ക് രൂപതയെ അദേഹം അഭിനന്ദിച്ചു.
ചിക്കാഗോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച് മുഖ്യപ്രഭാഷണം നടത്തി. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആഘോഷിക്കുന്ന ജൂലൈ മാസത്തില്‍ തന്നെയാണ് ചിക്കാഗോ രൂപതയുടെ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതെന്നുള്ളത് പ്രസക്തമാണെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
മതാന്തര സംവാദത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, കാനഡയിലെ മിസിസാഗ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാണികളെ വിസ്മയിപ്പിച്ച് സാംസ്‌കാരിക ദൃശ്യവിരുന്ന്:
വിവിധ സാംസ്‌കാരിക പ്രോഗ്രാമുകളും ഓപ്പണിങ് സെറിമണിയോടനുബന്ധിച്ചു വേഡിറ്റില്‍ നടന്നു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന യേശുവിന്റെ കാലത്തെ ജറുസലേമിനെ പുനരവതരിപ്പിച്ച ജെറുസലേം കംസ് എലൈവ് പ്രോഗ്രാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ആളുകള്‍, സംസ്‌കാരം എന്നിവ തൊട്ടനുഭവിച്ച് സുവിശേഷത്തിന്റെ കാലത്തേക്കുള്ള ആ യാത്ര കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.
വിശുദ്ധ തോമാശ്ലീഹായിലൂടെ പകരപ്പെട്ട വിശ്വാസവും ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുക എന്ന ക്രിസ്തു ഭരമേല്‍പ്പിച്ച ഉത്തരവാദിത്വവും വരും തലമുറകളിലേക്ക് പകരണമെന്ന ആഹ്വാനം ചെയ്യുന്ന രംഗാവിഷ്‌കാരമായ 'ഫ്രം ക്രോസ് ടു ദ നേഷന്‍സ്' കാണികളെ ആകര്‍ഷിച്ചു.
.jpeg)
മക്കോര്‍മിക് പ്ലേസിനെ ഉത്സവപ്പറമ്പാക്കി 'താളവിസ്മയം':
മക്കോര്‍മിക് പ്ലേസില്‍ നടക്കുന്ന സീറോ മലബാര്‍ യുഎസ്എ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന് ആവേശം പകര്‍ന്ന് സിനിമാ താരം ജയറാമും പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും ഒന്നിച്ചണിനിരന്ന 'താളവിസ്മയം' മെഗാ ഷോ. രൂപതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായി മാറിയ ഈ സാംസ്‌കാരിക സന്ധ്യ അമേരിക്കന്‍ മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യ-ശ്രാവ്യ വിരുന്നായി.
പ്രശസ്ത പെര്‍ക്കഷനിസ്റ്റ് കൂടിയായ നടന്‍ ജയറാമിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വമ്പന്‍ ചെണ്ടമേളമാണ് കാണികളെ ആവേശത്തിലാഴ്ത്തിയത്. പരമ്പരാഗത ചെണ്ടമേളത്തിന്റെ തനത് താളത്തിനൊപ്പം സ്റ്റീഫന്‍ ദേവസിയുടെ വേഗതയേറിയ കീബോര്‍ഡ് സംഗീതം കൂടി ചേര്‍ന്നപ്പോള്‍ വെസ്റ്റേണ്‍-ഫ്യൂഷന്‍ സംഗീതത്തിന്റെ അപൂര്‍വ അനുഭവം വേദിയില്‍ പിറന്നു.
.jpeg)
രൂപത വികാരി ജനറല്‍ ഫാ. ജോണ്‍ മേലേപ്പുറം സ്വാഗതം ആശംസിച്ചു. ബീന വള്ളിക്കളം പരിപാടിയുടെ എം.സി ആയിരുന്നു. ജിബി പാറക്കല്‍ (പി.എസ്.ജി ഗ്രൂപ്പ്) ആണ് സമ്മേളനത്തിന്റെ മുഖ്യ സ്‌പൊണ്‍സര്‍.
അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറായിരത്തോളം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ ലൈവ് ആയി കാണാനുള്ള സംവിധാനവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ലിങ്ക് : youtube.com